സ്വയം ഓടുന്ന കാർ വികസനത്തിനായി ജർമൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ബെൻസിന്റെ മാതൃസ്ഥാപനമായ ഡെയ്മ്‌ലറും സപ്ലയർമാരായ റോബർട്ട് ബോഷും കൈകോർക്കുന്നു. ‘റോബൊ ടാക്സി’കളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഡെയ്മ്‌ലറും ബോഷും സഖ്യത്തിലെത്തുന്നത്. അതേസമയം, ഈ പങ്കാളിത്തത്തിന്റെ സാമ്പത്തിക വിശദാംശങ്ങൾ അറിവായിട്ടില്ല.
യൂബറും ദിദിയും പോലുള്ളവരിൽ നിന്നുള്ള വെല്ലുവിളി നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രീമിയം കാർ നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തുള്ള ഡെയ്മ്‌ലറും വാഹനഘടക നിർമാതാക്കളിൽ ഒന്നാം സ്ഥാനത്തുള്ള ബോഷും കൂട്ടുചേരുന്നത്. കാറുകൾ സ്വന്തമാക്കുന്നതിനു പകരം ഉപയോഗിക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരുടെ താൽപര്യം കൂടി മുൻനിർത്തിയാവും ഡെയ്മ്‌ലർ — ബോഷ് സഖ്യത്തിന്റെ മുന്നേറ്റം. ഇതോടെ സ്വയം ഓടുന്ന കാറുകൾ സ്വന്തം നിലയിൽ വികസിപ്പിക്കാനുള്ള ഡെയ്മ്‌ലറിന്റെ ശ്രമങ്ങളും ഇതോടെ അവസാനിക്കുകയാണ്. സ്വയം ഓടുന്ന കാർ വികസനത്തിനായി ജർമൻ എതിരാളികളായ ബി എം ഡബ്ല്യുവും മറ്റും നേരത്തെ തന്നെ പങ്കാളിത്തങ്ങളിൽ ഏർപ്പെട്ടിരുന്നു. മെഴ്സീഡിസ് സ്ഥാപകൻ കാൾ ബെൻസ് മോട്ടോർ കാറിന്റെ പേറ്റന്റ് സ്വന്തമാക്കിയ 1886ൽ തന്നെ സ്ഥാപിതമായ കമ്പനിയാണു ബോഷ്. സ്റ്റുട്ട്ഗർട്ട് ആസ്ഥാനമായ ഡെയ്മ്‌ലർ നിർമിക്കുന്ന സ്വയം ഓടുന്ന കാറിനുള്ള സോഫ്റ്റ്വെയറും അലോഗരിതവും വികസിപ്പിക്കുകയാണു ബോഷിന്റെ ദൗത്യം.
പങ്കാളിയായി ബോഷ് എത്തിയതോടെ അടുത്ത ദശാബ്ദത്തിന്റെ ആരംഭത്തിൽ സ്വയം ഓടുന്ന കാറിനുള്ള സംവിധാനങ്ങൾ തയാറാവുമെന്നു ഡെയ്മ്ലർ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ‘റോബോ ടാക്സി’കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണം എപ്പോഴാവുമെന്നു കമ്പനി വ്യക്തമാക്കിയില്ല. നഗരസാഹചര്യങ്ങളിൽ പൂർണമായും സ്വന്തം നിലയിൽ ഓടുന്ന കാറുകൾ നിർമിക്കാനുള്ള ഡ്രൈവിങ് സിസ്റ്റം വികസിപ്പിക്കുകയാണു പുതിയ സഖ്യത്തിന്റെ ദൗത്യമെന്നും ഡെയ്മ്‌ലർ വിശദീകരിച്ചു. സ്വയം ഓടുന്ന കാറുകൾ യാഥാർഥ്യമാക്കുക വഴി സ്മാർട് ഫോൺ ആധാരമാക്കി പ്രവർത്തിക്കുന്ന റൈഡ് ഹെയ്ലിങ് മേഖലയിലേക്കാണു ഡെയ്മ്‌ലർ നോട്ടമിടുന്നത്. നിലവിൽ ചൈനയിലെ ദിദിയും യു എസ് ആസ്ഥാനമായ യൂബറും ലിഫ്റ്റുമൊക്കെയാണ് ഈ മേഖല അടക്കി വാഴുന്നത്.