ഇക്കൊല്ലം 20% വിൽപ്പന വളർച്ച തേടി എച്ച്എംഎസ്ഐ

ഇക്കൊല്ലത്തെ വിൽപ്പനയിൽ 20% വളർച്ച കൈവരിക്കാനാവുമെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പ്രൈവറ്റ് ലിമിറ്റഡിനു പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷം മൊത്തം വിൽപ്പന 60 ലക്ഷത്തിനു മുകളിലെത്തിക്കാനാവുമെന്നാണ് എച്ച് എം എസ് ഐയുടെ കണക്കുകൂട്ടൽ. ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് കോയമ്പത്തൂരിൽ പുതിയ മേഖലാ ഓഫിസും കമ്പനി ആരംഭിച്ചു.

ആക്രമണോത്സുക തന്ത്രങ്ങൾ പിന്തുടർന്ന് തന്ത്രപ്രധാന സംസ്ഥാനങ്ങളിൽ വിൽപ്പന മെച്ചപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ അറിയിച്ചു. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തി 2017 — 18ൽ 20% വളർച്ചയോടെ 60 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനാവുമെന്നാണു കമ്പനി കരുതുന്നത്. തമിഴ്നാട്ടിൽ ഏറ്റവും വിൽപ്പനയുള്ള ഇറുചക്രവാഹന ബ്രാൻഡാണു ഹോണ്ടയെന്നും കാറ്റൊ അവകാശപ്പെട്ടു. ആഗോളതലത്തിലും ഹോണ്ടയ്ക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്നത് ഇന്ത്യയിലെ ഉപസ്ഥാപനമാണെന്നും അദ്ദേഹം അറിയിച്ചു. 

അതുകൊണ്ടുതന്നെ തമിഴ്നാട്ടിൽ മേഖലതലത്തിലെ പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കോയമ്പത്തൂരിൽ പുതിയ മേഖലാ ഓഫിസ് തുറന്നത്. ഇതുവരെ 500 കിലോമീറ്ററകലെയുള്ള ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു ഹോണ്ട മോട്ടോർ സൈക്കിളിന്റെ തമിഴ്നാട്ടിലെ പ്രവർത്തനങ്ങൾ.