മഹീന്ദ്ര ട്രാക്ടറുകൾ ദക്ഷിണ അമേരിക്കയിലേക്കും

ദക്ഷിണ അമേരിക്കൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രാക്ടർ നിർമാണ വിഭാഗം ബ്രസീലിലെ കമ്പനിയുമായി സംയുക്ത സംരംഭം സ്ഥാപിക്കുന്നു. ബ്രസീലിലെ തന്നെ ട്രാക്ടർ വിതരണ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള മുൻ തീരുമാനത്തിനു പുറമെയാണു പുതിയ സംയുക്ത സംരംഭം.

ദക്ഷിണ അമേരിക്കൻ വിപണിക്കായി വിപുലമായ പദ്ധതികളാണു കമ്പനി ആവിഷ്കരിച്ചിരിക്കുന്നതെന്നു മഹീന്ദ്ര നോർത്ത് അമേരിക്ക പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മണി അയ്യർ അറിയിച്ചു. പുതിയ മോഡലുകൾ അവതരിപ്പിക്കാനും പ്രാദേശിക തലത്തിൽ ഇവ നിർമിക്കാനുമൊക്കെ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ട്രാക്ടർ വിതരണ കമ്പനി ഏറ്റെടുത്തത് ഇതിന്റെ ഭാഗമായാണ്. വിപണിയിലെ നവാഗതരെന്ന നിലയിലാണ് ബ്രസീൽ ആസ്ഥാനമായി സംയുക്ത സംരംഭം പരിഗണിക്കുന്നതെന്നും അയ്യർ വിശദീകരിച്ചു.

ദക്ഷിണ അമേരിക്കയിലേക്കു ട്രാക്ടർ വ്യാപാരം വ്യാപിപ്പിക്കാനായി മെക്സിക്കോ, ബ്രസീൽ, അർജന്റീന, ചിലെ വിപണികളെയാണു മഹീന്ദ്ര പരിഗണിക്കുന്നത്. യു എസിൽ നിന്നുള്ള അനുഭവങ്ങളുടെ പിൻബലത്തിൽ ഈ വിപണികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നു നോട്ടമിട്ടാണു മഹീന്ദ്ര ട്രാക്ടറുകളുടെ വരവെന്നും അയ്യർ വ്യക്തമാക്കി. ദക്ഷിണ അമേരിക്കയിലെ വിൽപ്പനയും വിപണനവും ബ്രസീൽ കേന്ദ്രീകരിച്ചാവുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രതിവർഷം കാൽ ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയോടെ യു എസ് ട്രാക്ടർ ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്താണു മഹീന്ദ്ര; കുബോട്ടയും ജോൺ ഡീയറുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. 2020 ആകുമ്പോഴേക്ക് യു എസിലെ വിറ്റുവരവ് 100 കോടി ഡോളർ(6427.90 കോടി രൂപ) ആയി ഉയർത്താനാവുമെന്നും മഹീന്ദ്ര കരുതുന്നു; നിലവിൽ 60 കോടി ഡോളർ(ഏകദേശം 3856.74 കോടി രൂപ) ആണ് കമ്പനിയുടെ വിറ്റുവരവ്. ട്രാക്ടറുകൾക്കു പുറമെ യൂട്ടിലിറ്റി വാഹനങ്ങളും മഹീന്ദ്ര യു എസിൽ വിൽക്കുന്നുണ്ട്. 

യു എസിൽ 550 ഡീലർഷിപ്പുകളാണു മഹീന്ദ്രയ്ക്കുള്ളത്. അടുത്ത രണ്ടു മൂന്നു വർഷത്തിനകം ഡീലർഷിപ്പുകളഉടെ എണ്ണം 750 ആക്കി ഉയർത്താനും കമ്പനിക്കു പദ്ധതിയുണ്ട്. യു എസിൽ അഞ്ചു വിതരണ കേന്ദ്രങ്ങളാണു മഹീന്ദ്രയ്ക്കുള്ളത്; കാനഡയിലും വിതരണ കേന്ദ്രം തുറന്നിട്ടുണ്ട്. വൈകാതെ മെക്സിക്കോയിലും വിതരണകേന്ദ്രം തുറക്കാനുള്ള നടപടികളും പുരോഗതിയിലാണ്.