വരുമോ ഡീസൽ ബസ് നിരോധനം?

Representative Image

ഡീസലിൽ ഓടുന്ന വാണിജ്യ വാഹനങ്ങൾ അധികകാലം സർവീസ് തുടരാമെന്ന പ്രതീക്ഷ വേണ്ടെന്ന സൂചന നൽകി കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിനു താൻ എല്ലാ പിന്തുണയും നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡീസലിൽ ഓടുന്ന ബസ്സുകൾ രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ലെന്നും ഗഢ്കരി വ്യക്തമാക്കി. നവി മുംബൈയിൽ നടക്കുന്ന ബസ് എക്സ്പോയാണ് ഇന്ധന വിഷയത്തിലുള്ള തന്റെ നിലപാടുകൾ പ്രകടിപ്പിക്കാൻ മന്ത്രി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ഡീസൽ ഉപയോഗിച്ചു ബസ് ഓടിക്കുന്നവരെ കെട്ടുകെട്ടിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നു ഗഢ്കരി പ്രഖ്യാപിച്ചു. മാറാൻ ആഗ്രഹിക്കുന്നവരെ താൻ ഒപ്പം കൂട്ടും; മാറാൻ വിസമ്മതിക്കുന്നവരെ നിർബന്ധിച്ച് കൂടെക്കൂട്ടുമെന്നും അദ്ദേഹം നയം വ്യക്തമാക്കി. അന്തരീക്ഷത്തെ മലിനമാക്കുന്ന ഡീസലിനു പകരം എതനോളും ബയോ ഡീസലും ഇന്ധനമാക്കുന്ന വാഹനങ്ങളും ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളും തിരഞ്ഞെടുക്കാൻ അദ്ദേഹം ബസ് ഓപ്പറേറ്റർമാരെ ആഹ്വാനം ചെയ്തു. സ്വീഡിഷ് ബ്രാൻഡായ സ്കാനിയ നിർമിച്ചതും ബയോ ഡീസലിൽ ഓടുന്നതുമായ 55 ബസ്സുകൾ നാഗ്പൂരിൽ സർവീസ് നടത്തുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ലിതിയം അയോൺ ബാറ്ററി വില കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വൈദ്യുത ബസ്സുകൾ മറ്റൊരു സാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, വൈദ്യുത ബസ് വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ വില സ്വാഭാവികമായും കുറയുമെന്നും ഗഢ്കരി വിലയിരുത്തുന്നു. 

കൂടാതെ പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി നാഗ്പൂരിൽ ഇരുനൂറോളം വൈദ്യുത ടാക്സികളും നിതിൻ ഗഢ്കരി നിരത്തിലിറക്കിയിരുന്നു; ഇവയ്ക്കായി 25 ചാർജിങ് കേന്ദ്രങ്ങളും സ്ഥാപിച്ചു. പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങൾ സാർവത്രികമാവണമെന്നാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗഢ്കരിയുടെ മോഹം.  റോഡുകളുടെ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ ചില മേഖലകളിൽ ബസ്സുകളുടെ അനുവദനീയ വേഗം മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററിൽ നിന്ന് 120 ആക്കി ഉയർത്തണമെന്ന ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ(ബി ഒ സി ഐ)യുടെ ആവശ്യം ഗഢ്കരി അംഗീകരിച്ചു. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പകരം ബസ് ചാർജ് 25% കുറയ്ക്കാനുള്ള നടപടികളിൽ ബി ഒ എ ഐ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.