‘പ്ലാറ്റിന’യ്ക്കു പുത്തൻ പതിപ്പുമായി ബജാജ്

എൻട്രി ലവൽ ബൈക്കായ ‘പ്ലാറ്റിന’യുടെ പരിഷ്കരിച്ച പതിപ്പ് കോലാഹലങ്ങളൊന്നുമില്ലാതെ ബജാജ് ഓട്ടോ വിപണിയിലിറക്കി. ഔദ്യോഗികമായ അരങ്ങേറ്റമെന്നു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ‘പ്ലാറ്റിന കംഫർടെകി’ന്റെ 2017 പതിപ്പ് രാജ്യത്തെ ബജാജ് ഡീലർഷിപ്പുകളിലെല്ലാം വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്; 46,976 രൂപയാണു പുതിയ ബൈക്കിനു നോയ്ഡയിലെ ഷോറൂമിൽ വില.

കമ്യൂട്ടർ വിഭാഗത്തിൽ ജനപ്രീതിയാർജിച്ച ‘പ്ലാറ്റിന’യുടെ നവീകരിച്ച പതിപ്പിൽ ഹെഡ്ലാംപിനു മുകളിലായി എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപും(ഡി ആർ എൽ) ബജാജ് ഓട്ടോ ലഭ്യമാക്കിയിട്ടുണ്ട്. 

അതേസമയം നിലവിലുള്ള ബൈക്കിലെ പരമ്പരാഗത, അടിസ്ഥാന രൂപകൽപ്പനാശൈലിയാണു പുതിയ മോഡലിലും ബജാജ് ഓട്ടോ തുടരുന്നത്. എങ്കിലും അനലോഗ് സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുഗൽ ഗേജ്, വിവിധ ലൈറ്റുകൾ എന്നിവ ഉൾപ്പെട്ട നവീകരിച്ച ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്; കാഴ്ചപ്പകിട്ടിനൊപ്പം വായിക്കാനും എളുപ്പമാണ് എന്നതാണ് പുതിയ യൂണിറ്റിന്റെ സവിശേഷത.

സാങ്കേതികവിഭാഗത്തിലും മാറ്റമൊന്നുമില്ലാതെയാണ് ‘2017 പ്ലാറ്റിന കംഫർടെകി’ന്റെ വരവ്; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന 102 സി സി ഡി ടി എസ് ഐ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 7,500 ആർ പി എമ്മിൽ 8.2 പി എസ് വരെ കരുത്തും 5,000 ആർ പി എമ്മിൽ 8.6 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 104 കിലോമീറ്റർ മൈലേജാണു ബൈക്കിനു ബജാജിന്റെ വാഗ്ദാനം. യാത്രാസുഖം ഉറപ്പാക്കുന്ന സസ്പെൻഷൻ, പിന്നിൽ ഫുട് പെഗ്ഗിനു പകരം വീതിയേറിയ റബർ ഫുട് പാഡ് തുടങ്ങിയവയും ബൈക്കിൽ ബജാജ് ഓട്ടോ ലഭ്യമാക്കുന്നുണ്ട്.