റോയൽ എൻഫീൽഡ് ബൈക്കിന്റെ കുറവുകൾ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിർത്തു എന്ന പരസ്യ സീരിസിന്റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനർ കളിയാക്കുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടിൽ തപ്പാതെ എൽഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനർ സ്വന്തമാക്കു എന്നാണ് പരസ്യം.
Bajaj Dominar 400 - Haathi Mat Palo #4
ആനയെ പരിപാലിക്കുന്നത് നിർത്തു, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. അതിനെ തുടർന്ന് മൂന്നു പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. റോയൽ എൻഫീൽഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയർത്തിക്കാട്ടുന്നത്.
ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി, ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങൾ പുറത്തിറക്കിയത്. ബുള്ളറ്റിനെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.