സുസുക്കിക്ക് പ്രതീക്ഷ സങ്കര ഇന്ധന മോഡലുകളിൽ

സുപ്രധാന വിപണിയായ ഇന്ത്യയിലെ മുന്നേറ്റം നിലനിർത്താൻ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സങ്കര ഇന്ധന മോഡലുകളെ ആശ്രയിക്കാനൊരുങ്ങുന്നു. മറ്റു പ്രമുഖ നിർമാതാക്കൾ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളിലേക്കു തിരിയുമ്പോഴാണ് സുസുക്കി സങ്കര ഇന്ധന സാങ്കേതികവിദ്യയെ മുറുകെപ്പിടിക്കാൻ തയാറെടുക്കുന്നത്.  വൈദ്യുത വാഹന നിർമാണത്തിൽ ആവശ്യമായ വൈദഗ്ധ്യമില്ലാത്തതാണ് സങ്കര ഇന്ധന മോഡലുകളെ ആശ്രയിക്കാൻ സുസുക്കിയെ പ്രേരിപ്പിക്കുന്നതെന്നാണു സൂചന. വൈദ്യുത വാഹന നിർമാണത്തിലുള്ള പോരായ്മ മറികടക്കാൻ ടൊയോട്ട മോട്ടോർ കോർപറേഷനുമായി കൂട്ടുകൂടാനും സുസുക്കി ഒരുങ്ങുന്നുണ്ട്. 

വൈദ്യുത വാഹനങ്ങളൊഴികെയുള്ളവയുടെ വിൽപ്പന നിരോധിക്കാൻ ഇന്ത്യയ്ക്കു പുറമെ ചൈന, ഫ്രാൻസ്, യു കെ തുടങ്ങിയ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫോക്സ്വാഗൻ, നിസ്സാൻ, വോൾവോ, ജനറൽ മോട്ടോഴ്സ് തുടങ്ങിയ നിർമാതാക്കൾ തുടർനടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായത്. എന്നാൽ ഇന്ത്യൻ വിപണിയിലെ മുന്നേറ്റം നിലനിർത്താൻ ഹൈബ്രിഡ് വാഹനങ്ങളെ ആശ്രയിക്കാനാണു സുസുക്കിയുടെ തീരുമാനം. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിലവിൽ ഇടത്തരം സെഡാനായ ‘സിയാസി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘എർട്ടിഗ’യുടെയും ഹൈബ്രിഡ് പതിപ്പുകൾ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. 

സാങ്കേതിക വിദ്യയിലെ പരിമിതിക്കപ്പുറം ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികളും സുസുക്കിയുടെ ഹൈബ്രിഡ് തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. ‘ഓൾട്ടോ’, ‘വാഗൻ ആർ’, ‘സ്വിഫ്റ്റ്’ തുടങ്ങി താരതമ്യേന വില കുറഞ്ഞ മോഡലുകളോടാണ് ഇന്ത്യൻ വിപണിക്ക് താൽപര്യം. ഇവയുടെ വില നിലവാരത്തിൽ വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നത് ചിന്തിക്കാനാവില്ലെന്നതാണു സുസുക്കി നേരിടുന്ന വെല്ലുവിളി. പോരെങ്കിൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാൻ ആവശ്യമായ അടിസ്ഥാന സൗകര്യവും ഇന്ത്യയിലില്ല.