എതനോളിൽ ഓടുന്ന ബൈക്ക് അടുത്ത മാസം

പൂർണമായും എതനോൾ ഇന്ധനമാക്കുന്ന ബൈക്കുകൾ അടുത്ത മാസം നിരത്തിലെത്തുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധികവിലയൊന്നും ഈടാക്കാതെയാണ് മലിനീകരണ വിമുക്തമായ എതനോൾ ഇന്ധനമാക്കുന്ന ബൈക്ക് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.  ഇതോടൊപ്പം കൃഷി ലാഭകരമാക്കാൻ ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാനും പദ്ധതിയുണ്ടെന്ന് ഗഢ്കരി വെളിപ്പെടുത്തി.

ഇന്നത്തെ വാഹന വിലയ്ക്കു തന്നെയാവും 100% എതനോളിൽ ഓടുന്ന ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുകയെന്ന് ഗഢ്കരി വ്യക്തമാക്കി. ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാൻ കഴിഞ്ഞാൽ കർഷകർക്ക് പ്രതിമാസം കാൽ ലക്ഷത്തോളം രൂപ ലാഭിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബും ഹരിയാനയുമായെന്ന പോലെ രാജ്യത്ത് ജലത്തിന്റെ പേരിലുള്ള തർക്കങ്ങൾ വ്യാപകമെന്ന് അംഗീകരിക്കുമ്പോഴും ഡിസംബറിനുള്ളിൽ ഈ മേഖലയിൽ 99 പദ്ധതികൾ നടപ്പാക്കുമെന്ന് ഗഢ്കരി അവകാശപ്പെട്ടു. ഗംഗാനദിയിലെ മലിനീകരണം നിയന്ത്രിക്കാൻ 97 പദ്ധതികൾ നിർദേശിക്കപ്പെട്ടതിൽ 90 എണ്ണത്തിനും അനുമതിയായിട്ടുണ്ട്. ചെറുപട്ടണങ്ങളിൽ മുടങ്ങിക്കിടക്കുന്ന 55 പദ്ധതികളും അടുത്ത മാർച്ചോടെ പുനഃരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നദീജലം പാഴാവുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങൾ പരസ്പരം തർക്കിക്കുമ്പോഴും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനെക്കുറിച്ച് ആർക്കും പ്രശ്നമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് ജലവിഭവങ്ങളുടെ വിതരണം അനുചിതമാണെന്നും ഗഢ്കരി വിലയിരുത്തി. വാരാണസിയിൽ ജലത്തിൽ വിമാനമിറങ്ങാനുള്ള സംവിധാനം അടുത്ത 22നകം സജ്ജമാവുമെന്നും ഗഢ്കരി അറിയിച്ചു. 

...