റോയൽ എൻഫീൽഡിന്റെ തലവര മാറ്റിയ ബൈക്കാണ് ക്ലാസിക്. സ്റ്റൈലും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ക്ലാസിക് ഇരുചക്ര വിപണിയിൽ ചരിത്രം സൃഷ്ടിച്ചു. യുവാക്കളെ ആകർഷിക്കുന്ന രൂപവുമായി 2009 മുതൽ വിപണിയിലുള്ള ഈ സുന്ദരൻ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന ബൈക്കുകളിലൊന്നാണ്. ഇതേ രൂപ ഗുണത്തിലുള്ള ബൈക്കുകളൊന്നും വിപണിയിലില്ലെന്നത് തന്നെയാണ് ക്ലാസികിന്റെ വിജയത്തിന്റെ രഹസ്യവും.
റോയൽ എൻഫീൽഡിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുവാൻ ക്ലാസിക് രൂപ ഗുണവുമായി ബൈക്കുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ബെനലി എത്തുന്നു. ഇറ്റലിയിലെ മിലാനിൽ നിടന്ന മോട്ടോർ ഷോയിലാണ് ഇംപീരിയൽ 400 എന്ന ബൈക്ക് പ്രദർശിപ്പിച്ചത്. ഇന്ത്യ വിപണിയിൽ ക്ലാസിക് 350 നോട് ഏറ്റുമുട്ടുന്ന ബൈക്ക് അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
373.5 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ഇംപീരിയലിൽ ഉപയോഗിക്കുന്നത്. 5500 ആർപിഎമ്മിൽ 19 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയൽ 400. വട്ടത്തിലുള്ള ഹെഡ്‍ലാമ്പ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉരുണ്ട ഫ്യുവൽ ടാങ്ക് തുടങ്ങി ക്ലാസിക് 350 സാമ്യം തോന്നുന്ന ഘടകങ്ങൾ ധാരാളമുണ്ട് ബൈക്കിന്. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.