കോടികൾ മുടക്കി ഇഷ്ടപ്പെട്ട ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്ന കോടീശ്വരന്മാരുടെ വാർത്ത ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധാരാളം കേൾക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ വാർത്തയ്ക്ക് പ്രത്യേകതയുള്ള കാരണം 10 മില്യൺ ദിർഹം (ഏകദേശം 17 കോടി രൂപ) മുടക്കി അബുദാബിയിലെ രണ്ടാം നമ്പർ സ്വന്തമാക്കിയത് അഹമ്മദ് അൽ മർസൂഖി എന്ന 23 കാരൻ. കഴിഞ്ഞ ദിവസം എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നടന്ന ലേലത്തിലാണ് ഈ 23 കാരൻ ഭീമമായ തുക നൽകി നമ്പർ സ്വന്തമാക്കിയത്. ഏതാണ്ട് അറുപതോളം ഫാൻസി നമ്പറുകൾ ലേലത്തിൽ വിൽപ്പനയ്ക്കായി വച്ചിരുന്നു. ഏത് വാഹനത്തിന് വേണ്ടിയാണീ നമ്പർ സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
രണ്ടാം നമ്പർ ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് നമ്പർ സ്വന്തമാക്കിയ അഹമ്മദ് പറഞ്ഞത്. നമ്പർ രണ്ടിന് രാജ്യത്തുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്വന്തമാക്കിയത്. ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് രണ്ട് എന്ന നമ്പർ. യുഎഇ കൂട്ടായ്മ ഉണ്ടായത് ഡിസംബർ രണ്ടിനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ലേലത്തിൽ നൽകിയ പണം സന്നദ്ധപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നത് അതിലേറെ സന്തോഷമുള്ള കാര്യമാണെന്നും അഹമ്മദ് പറഞ്ഞു. ഇത്തവണ നമ്പർ പ്ലെയിറ്റുകൾ വിറ്റുകിട്ടുന്ന പണം മുഴുവൻ പാവപ്പെട്ടവരെ സഹായിക്കാനാണ് പൊലീസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലേലത്തിൽ പങ്കെടുത്ത നിരവധി പേരെ പിന്നിലാക്കിയാണ് അഹമ്മദ് രണ്ടാം നമ്പർ സ്വന്തമാക്കിയത്. അഞ്ച് മില്യൺ ദിർഹം ആയിരുന്നു നമ്പറിന്റെ അടിസ്ഥാന വില. അബുദാബി പൊലീസിന്റെ 60–ാം വാർഷികത്തോടനുബന്ധിച്ചാണ് ലേലം നടന്നത്. കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന അറുപതോളം പുതിയ നമ്പറുകളുടെ ലേലമാണ് നടന്നത്. 1957 എന്ന നമ്പർ 53,000 ദിർഹത്തിനാണ് ലേലം ചെയ്തത്. അബുദാബി പൊലീസ് സ്ഥാപിതമായ വർഷമാണിത്. വൻ വിലയ്ക്ക് ലേലം ചെയ്ത മറ്റൊരു നമ്പർ 11 ആണ്. 6.4 മില്യൺ ദിർഹമാണ് ഈ നമ്പറിന് ചെലവഴിച്ചത്.
അഞ്ച് രണ്ടക്ക നമ്പർ പ്ലെയിറ്റുകൾ 15 മൂന്നക്ക നമ്പർ പ്ലെയിറ്റുകൾ 19 നാലക്ക നമ്പർ പ്ലെയിറ്റുകൾ 17 അഞ്ചക്ക നമ്പർ പ്ലെയിറ്റുകൾ എന്നിവയാണ് ലേലത്തിൽ ഉണ്ടായിരുന്നത്. 10 എന്ന നമ്പർ 5.4 മില്യൺ ദിർഹത്തിനും 22 എന്ന നമ്പർ 4 മില്യൺ ദിർഹത്തിനും 17 എന്ന നമ്പർ 3.3 മില്യൺ ദിർഹത്തിനും 60 എന്ന നമ്പർ 3 മില്യൺ ദിർഹത്തിനുമാണ് വിറ്റുപോയത്. 200–ാം നമ്പർ 1.2 മില്യൺ ദിർഹം, 333 എന്ന നമ്പർ 1.6 മില്യൺ ദിർഹം എന്നിങ്ങനെ സ്വന്തമാക്കി. ഏതാണ്ട് 55 മില്യൺ ദിർഹത്തിൽ അധികം പണമാണ് നമ്പർ പ്ലെയിറ്റ് ലേലത്തിലൂടെ പൊലീസ് സ്വന്തമാക്കിയത്.