Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന വാഹനത്തിന്റെ നമ്പറിനായി പൃഥിരാജ് മുടക്കിയത് ഏഴു ലക്ഷം

Lamborghini Huracan LP580-2 Lamborghini Huracan LP580-2

ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കുന്ന വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ഫാൻസി നമ്പർ നൽകാൻ എല്ലാവരും ശ്രമിക്കാറുണ്ട്. തന്റെ വാഹനങ്ങൾ‌ക്ക് ഫാൻസി നമ്പർ നൽകുന്നതിൽ പൃഥ്വിരാജിന് എന്നും താൽപര്യമാണ്. കുറച്ചു കാലം മുമ്പേ വരെ കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പറിന്റെ ഉടമയും പൃഥ്വി തന്നെയായിരുന്നു. കെഎൽ 07 ബിഎൻ01, കെഎൽ 07 ബിഎക്സ് 777 എന്നീ ഫാൻസി നമ്പറുകൾക്ക് പിന്നാലെ ഏഴു ലക്ഷം രൂപ മുടക്കി മറ്റൊരു നമ്പറും മലയാളത്തിലെ ഈ യുവ നടൻ സ്വന്തമാക്കി.

prithviraj-lamborghini-1 Lamborghini Huracan LP580-2

മോളിവുഡിലെ ആദ്യ ലംബോർഗിനിക്കാണ് െകഎൽ 7 സിഎൻ 1 എന്ന നമ്പർ പൃഥ്വി ലേലത്തിൽ പിടിച്ചത്. ഒരു ലക്ഷം രൂപ ഫീസ് അടച്ച് ഒന്നാം നമ്പർ നേടാനുളള ലേലത്തിൽ അഞ്ചു പേരെ പിന്തളളിയാണ് പൃഥി വിജയിയായത്. കൊച്ചി കാക്കനാട് ആർടിഒ ഓഫിസിൽ  വാശിയേറിയ ലേലം. പൃഥിരാജടക്കം അഞ്ചു പേരുണ്ടായിരുന്നു േലലത്തിന്. പൃഥിക്കായി സുഹൃത്താണ് ലേലത്തിൽ പങ്കെടുത്തത്.  ഇരുപത്തിഅയ്യായിരത്തിൽ തുടങ്ങിയ ലേലം വിളി ആറു ലക്ഷത്തിലെത്തിയപ്പോൾ ഒന്നാം നമ്പർ പൃഥി ഉറപ്പിച്ചു. ലേലത്തിൽ വിളിച്ച ആറു ലക്ഷവും ഫീസായി അടച്ച ഒരു ലക്ഷവും ചേർത്ത് ഏകദേശം 7 ലക്ഷം രൂപയാണ് ഫാൻസി നമ്പറിനായി പൃഥ്വി മുടക്കിയത്. 

prithviraj-lamborghini-3 Lamborghini Huracan LP580-2

ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് 'ഹുറാകാന്‍'. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റെ' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ 'ഹുറാകാന്‍' ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്‌നി 'ഹുറാകാന്‍' വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്. 

'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.