വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ സ്വന്തമാക്കുക എന്നത് കോടീശ്വരന്മാരുടെ ഇഷ്ട വിനോദമാണ്. പണം വാരി എറിഞ്ഞ് അവർ ഇഷ്ട നമ്പറുകൾ സ്വന്തമാക്കും. ഒന്നാം നമ്പറാണെങ്കിൽ പിന്നെ പറയുകയേ വേണ്ട വില അൽപ്പം കൂടുതലാണെങ്കിലും അതിനോടുള്ള താൽപര്യം കൂടും. പത്തും ഇരുപതും കോടി രൂപ മുടക്കി ശതകോടിശ്വരന്മാർ ഒന്നാം നമ്പർ സ്വന്തമാക്കിയ വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു കോടീശ്വരൻ താൻ സ്വന്തമാക്കിയ ഫാൻസി നമ്പർ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്... വില എത്രയാണെന്നല്ല വെറും 132 കോടീ രൂപ ! വാങ്ങാൻ താൽപര്യമുണ്ടോ? എങ്കിൽ നേരെ യുകെയിലേയ്ക്ക് വെച്ചു പിടിച്ചോളു.
ഫോർമുല വൺ എന്നതിന്റെ ചുരുക്കപ്പേരായ എഫ് 1 എന്ന നമ്പറാണ് ‘ആദായ’ വിലയ്ക്ക് യുകെ കോടീശ്വരൻ വിൽക്കാൻ വെച്ചിരിക്കുന്നത്. വാഹന ഡിസൈനറും ഖാൻ ഡിസൈൻസിന്റെ ഉടമയും കോടീശ്വരനുമായ അഫ്സൽ ഖാനാണ് തന്റെ ഇഷ്ട നമ്പർ ‘എഫ് വൺ’ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2008 ൽ ഏകദേശം 4 കോടി രൂപ മുടക്കി ഖാൻ സ്വന്തമാക്കിയ നമ്പറിന്റെ വാറ്റ് അടക്കമുള്ള വിൽപ്പന വിലയാണ് 132 കോടി.
1904 മുതൽ ബ്രിട്ടീഷ് എസക്സ് സിറ്റി കൗണ്‍സിലിനു സ്വന്തമായിരുന്ന നമ്പർ 2008 ലാണ് ആദ്യമായി ലേലത്തിൽ വെച്ചത്. ഖാൻ സ്വന്തമാക്കിയ നമ്പർ തന്റെ ബുഗാട്ടി വെയ്റോണിലായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. എഫ് വൺ നമ്പർ എന്തിനാണ് ലേലത്തിൽ വെച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഖാൻ ആവശ്യപ്പെട്ട തുക ലഭിക്കുകയാണെങ്കിൽ ലോകത്തിൽ ഏറ്റവും വില പിടിച്ച നമ്പർ എന്ന ഖ്യാതി ഇനി എഫ് വണ്ണിന് സ്വന്തമാക്കും.