ഷെവര്‍ലെ, 2017 ന്റെ നഷ്ടം

Chevrolet

ഇന്ത്യൻ വിപണിയിലെ അഞ്ചാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സ് വിപണിയിൽനിന്നു പടിയിറങ്ങിയ വർഷമായിരുന്നു 2017. നിരവധി മോഡലുകളുണ്ടായിരുന്നിട്ടും വിപണിയില്‍ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്ന് പിൻമാറിയത്. കഴിഞ്ഞ ഡിസംബറിൽ ഷെവർലെ ഇന്ത്യയിലെ വിപണനം അവസാനിപ്പിച്ചു.

ലോകത്തെമ്പാടും വിപണി കണ്ടെത്തിയ ജിഎം 50കോടി കാറുകൾ വിറ്റഴിച്ചതിന്റെ ആഘോഷം പൊടിപൂരമായി കൊണ്ടാടിയത് 2015ല്‍ ആണ്. എന്നാല്‍ ഇന്ത്യൻ വിപണി കുതിച്ചു കയറുമ്പോൾ ജിഎം പിന്നോട്ടോടുകയായിരുന്നു. മോഡൽ വൈവിധ്യങ്ങൾ കുറഞ്ഞതാണോ വിൽപനാനന്തര സേവനത്തിലെ പാളിച്ചയാണോ എന്താണെന്നറിയില്ല വിപണിയും ഉപഭോക്താവും ഷെവർലെയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 2016–17 സാമ്പത്തിക വർഷം 25,823 യുണിറ്റുകൾ മാത്രമാണ് ഷെവർലെ ഇന്ത്യയിൽ വിറ്റത്. ഇന്ത്യയുടെ മൊത്തം കാർ വിപണിയുടെ 0.85 ശതമാനം മാത്രം. ‍‌

പ്രതിസന്ധിയിലായത് ഷെവർലെ ഉടമകൾ

ഷെവർലെ ബീറ്റ്, എൻജോയ്, ടവേര, ക്രൂസ്, സെയിൽ തുടങ്ങിയ വാഹനങ്ങളുപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഷെവർലെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയത്. 1996 ൽ ഇന്ത്യയിലെത്തിയ ഈ അമേരിക്കൻ നിർമാതാവിന് വിപണിയിൽ ആഴത്തിൽ വേരോടിക്കാൻ കഴിഞ്ഞില്ലെന്നു വേണം പറയാൻ. നിരവധി മികച്ച വാഹനങ്ങളുണ്ടായിരുന്നിട്ടും ഷെവർലെയ്ക്ക് ഇന്ത്യയിൽ കാലുറപ്പിക്കാനായില്ല.  ഷെവർലെ കാറുകളുടെ ഇന്ത്യൻ വിൽപ്പന കമ്പനി അവസാനിപ്പിച്ചെങ്കിലും മഹാരാഷ്ട്രയിലെ നിർമാണ ശാലയിൽ നിന്ന് രാജ്യാന്തര വിപണിക്കായുള്ള നിർമാണം തുടരും. കൂടാതെ ബംഗളൂരുവിലെ ജിഎം ടെക്നിക്കൽ സെന്ററും തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.