ബൈക്ക് വിൽപ്പന: ബജാജിനെ മറികടക്കാൻ ഹോണ്ട

HONDA X-BLADE

കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) രണ്ടാം സ്ഥാനത്തോടടുക്കുന്നു. പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ലിമിറ്റഡിനെ പിന്തള്ളാനാണ് എച്ച് എം എസ് ഐ ഒരുങ്ങുന്നത്. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ആദ്യ സ്ഥാനക്കാരായ ഹീറോ മോട്ടോ കോർപ് എതിരാളികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.

രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് 2017 ഏപ്രിൽ — 2018 ഫെബ്രുവരി കാലത്ത് 18,01,390 ബൈക്കുകളാണ് എച്ച് എം എസ് ഐ വിറ്റത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 19.42% അധികമാണിത്. രണ്ടാം സ്ഥാനക്കാരായ ബജാജ് ഓട്ടോയാവട്ടെ ഇതേ കാലയളവിൽ വിറ്റത് 18,15,590 ബൈക്കുകളാണ്; മുൻവർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 1.89% കുറവാണിത്. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസക്കാലത്ത് ഇരുകമ്പനികളുമായി വിൽപ്പനയിലെ വ്യത്യാസം 14,200 യൂണിറ്റ് മാത്രമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷമാവട്ടെ ബജാജും ഹോണ്ടയുമായി വിൽപ്പനയിലെ അന്തരം നാലു  ലക്ഷത്തോളം യൂണിറ്റായിരുന്നു. 2016—17ൽ ബജാജ് 18,49,942 യൂണിറ്റ് വിറ്റപ്പോൾ ഹോണ്ടയുടെ വിൽപ്പന 14,51,417 ബൈക്കുകളിലൊതുങ്ങി. വ്യത്യാസം 3,98,525 യൂണിറ്റ്.

തുടർന്നുള്ള കാലത്തിനിടെ ഇരുകമ്പനികളും കൈവരിച്ച വിൽപ്പന വളർച്ച പരിഗണിക്കുമ്പോൾ വൈകാതെ ഹോണ്ട, ബജാജിനെ മറികടക്കാനാണു സാധ്യത. ഇതോടെ ബൈക്ക് നിർമാതാക്കളിൽ ഹീറോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനവും എച്ച് എം എസ് ഐയ്ക്കു സ്വന്തമാവും. 

പ്രധാനമായും 110 — 125 സി സി എക്സിക്യൂട്ടീവ് ബൈക്ക് വിഭാഗമാണു ഹോണ്ടയ്ക്കു തുണയാവുന്നത്; 2017 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കാലത്തിനിടെ 27.77% വിൽപ്പന വളർച്ചയാണ് ഈ വിഭാഗത്തിൽ കമ്പനി നേടിയത്. ‘സി ബി ഷൈൻ’ ആണ് ഈ വിഭാഗത്തിൽ ഹോണ്ടയ്ക്കായി ഏറ്റവുമധികം വിൽപ്പന നേടിയെടുക്കുന്നത്.

അതേസമയം, ഇതേ വിഭാഗത്തിലെ വിൽപ്പനയിൽ 5.87% ഇടിവാണു ബജാജിനു നേരിട്ടത്. 2016 — 17ന്റെ ആദ്യ 11 മാസക്കാലത്ത് 1,16,667 ബൈക്ക് വിറ്റത് ഇക്കൊല്ലം ആദ്യ 11 മാസക്കാലത്ത് 1,09,807 ആയാണു കുറഞ്ഞത്. 

പോരെങ്കിൽ 125 — 150 സി സി വിഭാഗത്തിലും എച്ച് എം എസ് ഐ 44.66% വളർച്ച കൈവരിച്ചു. ഇതേ കാലയളവിൽ ഈ വിഭാഗത്തിൽ 31.07% ഇടിവാണു ബജാജിനു നേരിട്ടത്. 

അതേസമയം 200 — 250 സി സി വിഭാഗത്തിൽ മാത്രമാണ് ബജാജ് ഓട്ടോയുടെ ആധിപത്യം മാറ്റമില്ലാതെ തുടരുന്നത്. അവലോകന കാലയളവിൽ ഈ വിഭാഗത്തിൽ ബജാജ് 1.35 ലക്ഷം ബൈക്ക് വിറ്റപ്പോൾ ഹോണ്ടയുടെ വിൽപ്പന വെറും നാലെണ്ണത്തിൽ ഒതുങ്ങി. 

എച്ച് എം എസ് ഐയെ സംബന്ധിച്ചിടത്തോളം 2017 — 2018 ചരിത്രവർഷമാവുകയാണെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഇതാദ്യമായി 10 ലക്ഷത്തിലേറെ പുത്തൻ ഇടപാടുകാരെ നേടാൻ ഹോണ്ടയ്ക്കായി; ഒപ്പം കയറ്റുമതി മൂന്നു ലക്ഷത്തിലെത്തിക്കാനും കമ്പനിക്കു സാധിച്ചു.