ബോൾട്ട് തകരാർ: 56,000 സ്കൂട്ടർ തിരിച്ചുവിളിക്കാൻ ഹോണ്ട

Honda Grazia

നിർമാണ പിഴവിന്റെ പേരിൽ ഇന്ത്യയിൽ വിറ്റ സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട ഒരുങ്ങുന്നു. മുൻ ഫോർക്കിലെ ബോൾട്ടിൽ തകരാർ സംശയിച്ച്  ‘ഏവിയേറ്റർ’, ‘ആക്ടീവ 125’, ‘ഗ്രാസ്യ’ സ്കൂട്ടറുകളാണു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) തിരിച്ചുവിളിച്ചു പരിശോധിക്കുക.

സ്കൂട്ടറുകളുടെ മുൻ ഫോർക്കിലെ ബോൾട്ട് ഫ്ളാഞ്ചിന് അമിതമായ കാഠിന്യം ശ്രദ്ധയിൽപെട്ടതാണ് പരിശോധനയ്ക്കു വഴിവച്ചതെന്നാണു ഹോണ്ടയുടെ വിശദീകരണം. മുൻകരുതലെന്ന നിലയിലുള്ള പരിശോധന കഴിഞ്ഞ ഫെബ്രുവരി ഏഴിനും മാർച്ച് 18നുമിടയ്ക്കു നിർമിച്ച 56,194 സ്കൂട്ടറുകളാണ് ആവശ്യമെന്നും ഹോണ്ട വെളിപ്പെടുത്തുന്നു. പരിശോധനയിൽ തകരാർ കണ്ടെത്തുന്ന പക്ഷം ബോൾട്ട് ഫ്ളാഞ്ച് സൗജന്യമായി മാറ്റി നൽകുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം.

പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമസ്ഥരെ ഫോൺ വഴിയോ ഇ മെയിൽ അഥവാ എസ് എം എസ് സന്ദേശം വഴിയോ വിവരം അറിയിക്കുമെന്നും ഹോണ്ട വ്യക്തമാക്കുന്നു. കമ്പനിയുടെ വെബ്സൈറ്റിലെ പ്രത്യേക വിഭാഗം സന്ദർശിച്ച് വാഹനത്തിന്റെ സവിശേഷ തിരിച്ചറിയൻ നമ്പർ(വി ഐ എൻ) നൽകിയും പരിശോധനയ്ക്കു വിധേയമാക്കേണ്ട സ്കൂട്ടറുകൾ തിരിച്ചറിയാൻ അവസരമുണ്ട്.  ഡീലർഷിപ്പിൽ വിവരം അറിയിച്ച ശേഷം എത്തുന്നവർക്ക് കാലതാമസമൊന്നുമില്ലാതെ സ്പെയർപാട് മാറ്റി നൽകുമെന്നും എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്നു.