ജീപ്പിന്റെ രൂപഗുണത്തോടെ 1970 ജാപ്പനീസ് വിപണിയിൽ ജിംനി പുറത്തിറങ്ങുന്നത്. ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ പുറത്തിറങ്ങിയ ജിംനി ജപ്പാനിൽ ജനപ്രീതി സമ്പാദിച്ചു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 1981ൽ രണ്ടാം തലമുറ ജാപ്പനീസ് വിപണിയിലെത്തി. ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്കരിച്ച രൂപമാണ് 1985ൽ ഇന്ത്യയിൽ ജിപ്സിയായി എത്തിയത്. ഇന്ത്യൻ സൈന്യം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ജിപ്സിയുടെ ജനപ്രിയത വർദ്ധിച്ചു. ഇന്ത്യയിൽ ജിപ്സിയുടെ ഒരു തലമുറ മാത്രേമേ ഇറങ്ങിയിട്ടുള്ളുവെങ്കിലും രാജ്യാന്തര വിപണിയിൽ 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങി.
മൂന്നാം തലമുറ പുറത്തിറങ്ങിയത് ശേഷം നീണ്ട 20 വർഷം കഴിഞ്ഞെങ്കിലും വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ജീപ്പ് റെനഗേഡ് പോലുള്ള ലൈറ്റ് ജീപ്പ് മോഡലുകളുടെ രാജ്യാന്തരവിപണിയിലെ മികച്ച പ്രകടനമാണ് സുസുക്കിെയ നാലാം തലമുറ വിപണിയിലെത്തിക്കുന്നതിന് പ്രേരിപ്പിച്ചത്. അടിമുടി മാറ്റങ്ങളുമായി പുതിയ തലമുറ ജിംനി ഈ വർഷത്തെ ടോക്കിയോ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിക്കും. ആദ്യ തലമുറകളെപ്പോലെ തന്നെ ചെറിയ രൂപം തന്നെയായിരിക്കും പുതിയ ജിംനിക്കും.
സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങൾ നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍നിസ് നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ ഉടൻ ആരംഭിക്കും. ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയിൽ നിർമിക്കുക. അതുകൊണ്ടു തന്നെ ജിംനി ജിപ്സിയായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമോ എന്ന ആകാംക്ഷയിലാണ് വാഹന ലോകം. എന്നാൽ കമ്പനി ഇതുവരെ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.