രണ്ടാം വരവിൽ തരംഗമായി മുന്നേറുകയാണ് മാരുതി സുസുക്കി എസ് ക്രോസ്. 2016–17 സാമ്പത്തിക വർഷത്തെ അപേക്ഷിച്ചത് 44.3 ശതമാനം വളർച്ചയാണ് പുതിയ എസ് ക്രോസിന് 17–18 സാമ്പത്തിക വർഷം ലഭിച്ചത്. അടിമുടി സ്റ്റൈലൻ ലുക്കിൽ പുറത്തിറങ്ങിയ എസ് ക്രോസിന്റെ പുതിയ മോഡലാണ് വിൽപ്പനയ്ക്ക് ഉണർവേകിയത്. കഴിഞ്ഞ വർഷമാണ് എസ് ക്രോസിന്റെ രണ്ടാം തലമുറയെ മാരുതി പുറത്തിറക്കുന്നത്.
പ്രീമീയം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് തികച്ചും പുതിയ എസ് ക്രോസ് പുറത്തിറക്കിയത്. കൊത്തിയെടുത്ത ഹുഡ് ഡിസൈൻ, ആകർഷക ഹെഡ്‌ലാംപ്, ഡേലൈറ്റ് റണ്ണിങ് ലാംപ് (ഡി ആർ എൽ) സഹിതമുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, മസ്കുലർ ബോണറ്റും പുതിയ ബംബറുമുണ് മുൻ ഭാഗത്തെ പ്രത്യേകതകൾ. എൽഇഡി കോംപിനേഷനോടു കൂടിയ ടെയിൽ ലാമ്പാണ് പിന്നിൽ.
215 / 60 ആർ 16 ഇഞ്ച് ടു ടോൺ മെഷീൻ ഫിനിഷ്‍ഡ് അലോയ് വീലുകളുമുണ്ട് പുതിയ എസ് ക്രോസിൽ. ഉൾഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍, ക്രോം ഫിനിഷുകൾ, സാറ്റിൻ ക്രോം അക്സന്റ് ഫിനിഷോടെയുള്ള അകത്തളത്തിൽ സോഫ്റ്റ് ടച് ഡാഷ്ബോഡ്, ഏകോപനമുള്ള സീറ്റ് ഫാബ്രിക് ഡിസൈൻ എന്നിവയുമുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഇന്റ്യൂസീവ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കാറിലുണ്ട്.
സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 1.3 ലീറ്റർ ഡി ഡി ഐ എസ് 200 എൻജിനാണു എസ് ക്രോസിനു കരുത്തേകുന്നത്. ‘സിയാസി’നും ‘എർട്ടിഗ’യ്ക്കും പിന്നാലെയാണ് സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ‘ഡി ഡി ഐ എസ് 200’ എൻജിൻ ‘എസ് ക്രോസി’ലും ഇടംപിടിക്കുന്നത്. ഐഡിൽ സ്റ്റോപ് സ്റ്റാർട്, ടോർക് അസിസ്റ്റ്, ബ്രേക്ക് എനർജി റീജനറേഷൻ സിസ്റ്റം, ഗീയർ ഷീഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയൊക്കെ പുതിയ ‘എസ് ക്രോസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.
‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ പ്രീമിയം മോഡലായ ‘എസ് ക്രോസി’ന്റെ അരങ്ങേറ്റം 2015 ഓഗസ്റ്റിലായിരുന്നു. അവതരണ വേളയിൽ 1.6 ലീറ്റർ ഡീസൽ എൻജിനായിരുന്നു ‘എസ് ക്രോസി’നു കരുത്തേകിയിരുന്നത്. ആഭ്യന്തര വിപണിയിൽ 53,000 യൂണിറ്റ് വിറ്റുപോയ ‘എസ് ക്രോസി’ന്റെ ഇതുവരെയുള്ള കയറ്റുമതി 4,300 യൂണിറ്റാണ്. റെനൊ ഡസ്റ്റർ, ഹ്യൂണ്ടേയ് ക്രേറ്റ, നിസാൻ ടെറാനോ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് എസ്–ക്രോസ് മൽസരിക്കുക.