Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനത്തിന് ഇനി ഹരിത നമ്പർ പ്ലേറ്റ്

Green Cars

പരിസ്ഥിതിയെ മലിനമാക്കാത്ത വൈദ്യുത വാഹനങ്ങൾക്ക് ഹരിത നമ്പർ പ്ലേറ്റുകൾ വരുന്നു. പരമ്പരാഗത എൻജിനുള്ള വാഹനങ്ങളിൽ നിന്ന് ബാറ്ററിയിൽ ഓടുന്നവയെ വേഗത്തിൽ തിരിച്ചറിയാൻ ലക്ഷ്യമിട്ടാണു വൈദ്യുത വാഹനങ്ങൾക്ക് പച്ച നിറമുള്ള നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സ്വകാര്യ, വാണിജ്യ ഉപയോഗത്തിനുള്ള വൈദ്യുത വാഹനങ്ങളുടെയെല്ലാം നമ്പർ പ്ലേറ്റ് പച്ച നിറത്തിലാക്കാനാണു പദ്ധതി. 

സ്വകാര്യ വൈദ്യുത വാഹനങ്ങൾക്ക് പച്ച പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ ഉപയോഗിച്ചാണു നമ്പർ എഴുതുക. വാണിജ്യ വാഹനങ്ങളിലാവട്ടെ പശ്ചാത്തലം പച്ചയും നമ്പർ എഴുതുന്നത് മഞ്ഞ നിറത്തിലുമാവും. വൈദ്യുത ബസ്സുകൾ അടക്കമുള്ള വാണിജ്യ വാഹനങ്ങളിൽ ഇതേ രീതിയാവും പിന്തുടരുക. നിലവിൽ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് ഇന്ത്യയിൽ ബാറ്ററിയിൽ ഓടുന്ന വാണിജ്യ, സ്വകാര്യ വാഹനങ്ങൾ നിർമിക്കുന്നത്.

പ്രത്യേക നിറത്തിലുള്ള നമ്പർ പ്ലേറ്റ് വരുന്നതിനു പിന്നാലെ വൈദ്യുത വാഹനങ്ങൾക്ക് വിവിധ ഇളവുകളും നടപ്പാവുമെന്നാണു പ്രതീക്ഷ. വാഹനം വേഗത്തിൽ തിരിച്ചറിയാനാവുന്നതോടെ ഇവയ്ക്ക് പാർക്കിങ് മേഖലയിൽ പ്രത്യേക പരിഗണനയും തിരക്കേറിയ മേഖലകളിൽ പ്രവേശനവും ടോൾ നിരക്കിൽ ഇളവുമൊക്കെ ലഭിച്ചേക്കും. വൈദ്യുത വാണിജ്യ വാഹനങ്ങൾക്കാവട്ടെ പെർമിറ്റ് സംവിധാനം തന്നെ ഒഴിവാക്കാനാണു സർക്കാരിന്റെ ആലോചന. ഈ നടപടിയിലൂടെ ഇ റിക്ഷകളുടെയും ഇ ബസ്സുകളുടെയും ഇ ടാക്സികളുടെയുമൊക്കെ പ്രചാരമേറുമെന്നും സർക്കാർ കരുതുന്നു. 

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ഇത്തരം വാഹനങ്ങൾക്കു പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റ് അംഗീകരിച്ച കാര്യം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരിയാണു വെളിപ്പെടുത്തിയത്. ഇത്തരം വാണിജ്യ വാഹനങ്ങൾക്കു പെർമിറ്റ് ഇളവു ചെയ്യാനും ആലോചനയുണ്ടെന്ന് ഗഢ്കരി അറിയിച്ചു.

നമ്പർ പ്ലേറ്റിലെ പരിഷ്കാരങ്ങൾക്കൊപ്പം 16 മുതൽ 18 വയസ് വരെ പ്രായമുള്ളവരെ ലൈസൻസ് ഇല്ലാതെ വൈദ്യുത സ്കൂട്ടർ ഓടിക്കാൻ അനുവദിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ 50 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള മോപ്പഡുകൾ ഓടിക്കാൻ മാത്രമാണ് 16നും 18നും മധ്യേ പ്രായമുള്ളവർക്ക് അനുമതി. കൂടാതെ വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററിക്കുള്ള ചരക്ക്, സേവന നികുതി(ജി എസ് ടി) നിരക്ക് 28 ശതമാനത്തിൽ നിന്ന് 12% ആയി കുറയ്ക്കാനും പദ്ധതിയുണ്ട്. ഇതോടെ വൈദ്യുത വാഹനങ്ങളുടെ വിലയിലും കാര്യമായ കുറവു വരുമെന്നാണു പ്രതീക്ഷ. നിലവിൽ വൈദ്യുത കാറുകൾക്ക് 12% ജി എസ് ടിയാണ് ഈടാക്കുന്നത്.