പ്രത്യേക ലൈസൻസ് ഇല്ലാതെ, വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് കേന്ദ്രങ്ങൾ തുറക്കാൻ വ്യക്തികൾക്കും അനുമതിയാവുന്നു. അതേസമയം, ബാറ്ററി ചാർജ് ചെയ്യാനായി വാഹന ഉടമകളിൽ നിന്ന് ഈടാക്കാവുന്ന നിരക്ക് സർക്കാർ നിശ്ചയിച്ചേക്കും.
വൈദ്യുത വാഹന ചാർജിങ് കേന്ദ്രം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു പ്രത്യേക യോഗ്യതയൊന്നും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടില്ല. എന്നാൽ ഇവയുടെ നിലവാരവും പ്രകടനവും ഉറപ്പാക്കാനും പ്രവർത്തനം നിരീക്ഷിക്കാനും സംവിധാനമുണ്ടാവുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് വൈദ്യുത വാഹന ബാറ്ററി ചാർജിങ്ങിനുള്ള സംവിധാനം ഏർപ്പെടുത്താൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും ടാറ്റ മോട്ടോഴ്സിനു പുറമെ ഓൺലൈൻ കാബ് ഹെയ്ലിങ് കമ്പനികളായ ഓലയും യൂബറും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ പൊതു മേഖല സ്ഥാപനങ്ങളും സ്റ്റാർട് അപ്പുകളും ഈ രംഗത്തു പ്രവേശിക്കാൻ താൽപര്യം കാട്ടിയിട്ടുണ്ട്.
ഊർജ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നപക്ഷം ലൈസൻസ് വ്യവസ്ഥ ഒഴിവാക്കി ആരെയും പൊതു ചാർജിങ് സ്റ്റേഷനുകൾ തുറക്കാൻ അനുവദിക്കാനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതി. കേന്ദ്രം സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന പക്ഷം വൈദ്യുത കണക്ഷൻ നൽകാൻ വിതരണ കമ്പനികൾ ബാധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കി.
ചാർജിങ് കേന്ദ്രങ്ങൾക്കുള്ള വൈദ്യുതിയുടെ നിരക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററിക മ്മിഷനുകളാണു നിശ്ചയിക്കുക; എന്നാൽ വില സപ്ലൈ ചെലവിന്റെ 15 ശതമാനത്തിലധികമാവരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വാഹന ഉടമകളോട് ചാർജിങ് കേന്ദ്രത്തിന് ഈടാക്കാവുന്ന നിരക്കും സംസ്ഥാന സർക്കാരുകളാവും നിശ്ചയിക്കുക.2003ലെ വൈദ്യുത നിയമ പ്രകാരമാണ് ഇത്തരം ചാർജിങ് കേന്ദ്രങ്ങൾക്കുള്ള ലൈസൻസ് ഒഴിവാക്കുന്നതെന്നും ഊർജ മന്ത്രാലയം വ്യക്തമാക്കുന്നു.