Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനങ്ങൾക്ക് പെർമിറ്റിൽ ഇളവ്

electric-car

ബാറ്ററിയിലും ബദൽ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ വാണിജ്യ ഉപയോഗത്തിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി. ബയോ സി എൻ ജി വാഹനങ്ങളെയും ഇതേ ഇളവിന് പരിഗണിക്കുമെന്നും ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ വാർഷിക കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ്, കാരിയർ പെർമിറ്റ്, ഗുഡ്സ് കാരിയർ, കാബ്, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് തുടങ്ങിയ പെർമിറ്റുകളാണു വിവിധ വാണിജ്യ വാഹനങ്ങൾക്കു സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നത്. എന്നാൽ ഇത്തരം പെർമിറ്റുകൾ കരസ്ഥമാക്കാൻ പണച്ചെലവും സമയനഷ്ടവുമേറെയാണ്. ബദൽ ഇന്ധന, വൈദ്യുത വാഹനങ്ങൾക്ക് പെർമിറ്റുകൾ അനായാസം ലഭ്യമാക്കുന്നത് ഇത്തരം വാഹനങ്ങളുടെ വ്യാപനത്തെ സഹായിക്കുമെന്നാണു പ്രതീക്ഷ. പോരെങ്കിൽ ഓലയെ പോലുള്ള കാബ് അഗ്രിഗേറ്റർമാർ വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനും പുതിയ നയം വഴിയൊരുക്കും. അടുത്ത 12 മാസത്തിനകം 10,000 വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഓല കാബ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

നിലവിൽ ദീർഘമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു ഫ്ളീറ്റ് ഓണർമാർ പെർമിറ്റുകളും ലൈസൻസുകളും കരസ്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാര വ്യവസ്ഥയിൽ പെർമിറ്റ് അനുവദിക്കുന്നതോടെ ബാറ്ററിയിലും ബദൽ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുമെന്നു വ്യവസായ വൃത്തങ്ങളും കരുതുന്നു. കൂടാതെ മലിനീകരണ വിമുക്തമായ വാഹനങ്ങൾ വ്യാപിക്കുന്നതു നഗരങ്ങളിലെ പരിസ്ഥിതി മലിനീകരണം കുറയാനും ഇടയാക്കുമെന്നാണു വിലയിരുത്തൽ.