Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറാം ഷിറോൺ വില 22.86 കോടി, ഇനി 400 എണ്ണം മാത്രം

bugatti-chiron

സ്പോർട്സ് കാറായ ഷിറോണിൽ സെഞ്ചുറി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണു ഫ്രഞ്ച് നിർമാതാക്കളായ ബുഗാട്ടി. അറേബ്യയിലെ ഉടമസ്ഥനായി പ്രത്യേകം സജ്ജീകരിച്ച ഷിറോൺ മോൾഷെമിലെ ബ്യുഗാട്ടി ആസ്ഥാനത്തു നിന്നു യാത്രയായി.‌ കടുംനീല നിറമുള്ള കാർബൺ ബാഹ്യഭാഗത്ത് ഉപയോഗിച്ചതിനാൽ ഇതാദ്യമായി മാറ്റ് ഫിനിഷുള്ള കാർ എന്നതാണ് 100—ാമതു ഷിറോണിന്റെ പ്രധാന സവിശേഷത. പാർശ്വത്തിൽ ഇറ്റാലിയൻ ചുവപ്പും വീലിൽ മിങ്ക് ബ്ലാക്കും ചേരുന്നതോടെ ആകർഷക വർണസങ്കലനമാണ് ഈ കാർ കൈവരിക്കുന്നത്. 

പൂർണമായും ലതർ ഉപയോഗിക്കുന്ന അകത്തളത്തിലും ചുവപ്പാണു പ്രധാന നിറം. സവിശേഷ രൂപകൽപ്പനയുടെ പിൻബലമുള്ള കാറിന്റെ വില 28.50 ലക്ഷം യൂറോ(ഏകദേശം 22.86 കോടി രൂപ) വരും. ഉടമസ്ഥന്റെ അഭിരുചി പ്രകാരം രൂപകൽപ്പന പൂർത്തിയായ 100—ാം ഷിറോണിനെ ആകർഷകമെന്നാണു ബ്യുഗാട്ടി ഓട്ടമൊബീൽസ് പ്രസിഡന്റ് സ്റ്റെഫാൻ വിങ്കെൽമാൻ വിശേഷിപ്പിക്കുന്നത്. ഒരേ സമയം ചലനാത്മകവും ആഢ്യത്വം തുളുമ്പുന്നതുമാണു കാറെന്നും അദ്ദേഹം കരുതുന്നു. 

ആഗോളതലത്തിൽ ആവശ്യക്കാർ ധാരാളമുള്ളതിനാൽ ഷിറോണിന്റെ നിർമാണം പൂർണതോതിൽ പുരോഗമിക്കുന്നുണ്ട്. പ്രതിവർഷം എഴുപതോളം ഷിറോൺ ആണു ബ്യുഗാട്ടി നിർമിക്കുന്നത്. ഇത്തരത്തിലുള്ള 500 കാറുകൾ മാത്രം നിർമിക്കാനാണു ബ്യുഗാട്ടി ലക്ഷ്യമിടുന്നത്.