പ്രകടനക്ഷമതയേറിയ ആഡംബര കാറുകളുടെ നിർമാതാക്കളായ ബുഗാട്ടിയുടെ ഏറ്റവും വലിയ ഡീലർഷിപ് ദുബായിൽ തുറന്നു. അത്യാഡംബര കാർ നിർമാതാക്കളുടെ ഇഷ്ടവിപണിയായ ദുബായിലാണു ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ ബെന്റ്ലിയുടെയും ഇറ്റാലിയൻ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയുടെയുമൊക്കെ വമ്പൻ ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള ബ്യുഗാട്ടിയുടെ പുതിയ ഷോറൂം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലാണു തുറന്നത്. ഫോക്സ്വാഗന്റെ തന്നെ ഉടമസ്ഥതയിലുള്ള ബെന്റ്ലിയുടെയും ലംബോർഗ്നിയുടെയും വമ്പൻ ഷോറൂമുകൾ പ്രവർത്തിക്കുന്നതും ഇതേ റോഡിൽതന്നെ.
ലംബോർഗ്നിയുമായി താരതമ്യം ചെയ്യുമ്പോൾ ബുഗാട്ടിയുടെ ഷോറൂമിനു വിസ്തൃതി കുറവാണ്; വെറും 2,600 ചതുരശ്ര അടി വിസ്തൃതിയിലാണു ബ്യുഗാട്ടിയുടെ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതേസമയം ‘ഷിറോൺ’ എന്ന ഒറ്റ മോഡൽ മാത്രമാണു ബ്യുഗാട്ടി ശ്രേണിയിൽ നിലവിൽ വിൽപ്പനയ്ക്കുള്ളതെന്ന വസ്തുതയും ഈ അവസരത്തിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. അൽ ഹബ്തൂർ മോട്ടോഴ്സാണു ദുബായിലെ പുതിയ ബ്യുഗാട്ടി ഡീലർഷിപ്പിന്റെ ഉടമസ്ഥർ. പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന 13 അടി ഉയരമുള്ള കുതിരലാടമാണു ബ്യുഗാട്ടി ഷോറൂമിന്റെ ആകർഷണം. മധ്യ പൂർവ മേഖലയിൽ ‘ഷിറോൺ’ കൈവരിച്ച തകർപ്പൻ വിജയമാണു പുതിയ ഷോറൂം തുറക്കാൻ ബ്യുഗാട്ടിയെ പ്രേരിപ്പിച്ചതെന്നാണു സൂചന.
അതിനിടെ ആഡംബര കാർ ബ്രാൻഡുകളായ ബെന്റ്ലിയും ബ്യുഗാട്ടിയുമൊന്നും വിൽക്കാൻ ആലോചനയില്ലെന്നു ഫോക്സ്വാഗൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരു ബ്രാൻഡുകളും ഒഴിവാക്കാൻ പദ്ധതിയില്ലെന്നു സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ മേധാവി കൂടിയായ ഒളിവർ ബ്ലൂമാണു വെളിപ്പെടുത്തിയത്. പോർഷെയും ബെന്റ്ലിയും സഹകരിച്ചു പ്രവർത്തിക്കുന്നതിലൂടെ 10 കോടി യൂറോ(ഏകദേശം 699.62 കോടി രൂപ)യുടെ ലാഭമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യഥാർഥത്തിലുള്ള സാമ്പത്തിക നേട്ടം ഇതിലുമേറെയാണെന്നു ബ്ലൂം അറിയിച്ചു.