ലോകത്തിലെ ഏറ്റവും വേഗതയുള്ള പൊലീസ് എന്ന റെക്കോർഡ് ഇനി ദുബായ് പൊലീസിന് സ്വന്തം. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡ് സ്വന്തമായുള്ള ബുഗാട്ടി വെയ്റോണാണ് ദുബായ് പോലീസിന്റെ കിരീടത്തിൽ ഈ പൊൻ തൂവൽ സമ്മാനിച്ചത്. 2016 ഏപ്രിലിലാണ് ദുബായ് പോലീസ് ഏകദേശം 10 കോടി രൂപയിൽ അധികം വരുന്ന ബുഗാട്ടി വെയ്റോൺ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന പതിനൊന്നാമത് ഇന്റർനാഷണൽ സമ്മിറ്റ് ഫോർ ബെസ്റ്റ് പോലീസ് അപ്ലിക്കേഷൻസിൽ വെച്ചാണ് ഗിന്നസ് ബുക്ക് പ്രതിനിധികൾ ദുബായ് പോലീസിന്റെ കമാന്റർ ചീഫിന് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറിയത്. 360 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ലംബോർഗിനിക്കായിരുന്നു ഈ റെക്കോർഡ്. മണിക്കൂറിൽ 407 കിലോമീറ്റർ വേഗത്തിൽ പറന്നാണ് ദുബായ് പോലീസ് റെക്കോർഡ് സ്വന്തമാക്കിയത്. 1000 ബിഎച്ച്പി കരുത്തുള്ള ബുഗാട്ടിയുടെ 16 സിലിണ്ടര്‍ എന്‍ജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 2.5 സെക്കന്റുകൾ മാത്രം മതി.
ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളെല്ലാം ദുബായ് പൊലീസിന്റെ ഗ്യാരേജിലുണ്ട്. ആസ്റ്റൺ മാർട്ടിൻ വൺ-774, ഔഡി ആർ8, ബെന്റിലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6, ഷെവർലെ കമാറോ, ഫെരാരി എഫ്എഫ്, ഫോർഡ് മസ്താങ്, ലംബോർഗ്നി അവന്റഡോർ, മെക്‌ലാറൻ എംപി4-12സി, മെഴ്സിഡസ് ബെൻസ് എസ്എൽ63 എഎംജി, നിസാൻ ജിടിആർ തുടങ്ങി നിരവധി സൂപ്പർ കാറുകളുണ്ട് ദുബായ് പൊലീസിന്റെ ശേഖരത്തിൽ. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ ഉപരി വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പൊലിസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്.