Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

420 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ബുഗാട്ടിയുടെ പുതു കാർ

bugatti-chiron Bugatti Chiron

പ്രഖ്യാപനവേള മുതൽ ലോകത്തിന്റെ ശ്രദ്ധ കവർന്ന ഹൈപ്പർ കാറാണ് ‘ബുഗാട്ടി ഷിറോൺ’. ‘വെറോണി’ന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ‘ഷിറോൺ’ കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലാണു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ഫ്രഞ്ച് ആഡംബര കാർ നിർമാതാക്കളായ ‘ബുഗാട്ടി’ അനാവരണം ചെയ്തത്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാറുകളിൽ ഏറ്റവും കരുത്തേറിയതെന്ന പെരുമയോടെയാവും ‘ഷിറോണി’ന്റെ വരവ്; കാറിലെ എട്ടു ലീറ്റർ, ക്വാഡ് ടർബോ ഡബ്ല്യു 16 എൻജിന് 1,480 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കാനാവുക.

bugatti-chiron-2 Bugatti Chiron

അതുകൊണ്ടുതന്നെ പുതിയ ‘ഷിറോണി’നു നിശ്ചലാവസ്ഥയിൽ നിന്ന് പരമാവധി വേഗമായ മണിക്കൂറിൽ 420 കിലോമീറ്റർ നിലവാരത്തിലേക്കു കുതിക്കാനും തിരിച്ചു നിശ്ചലാവസ്ഥയിലെത്താനും 60 സെക്കൻഡ് പോലും വേണ്ടെന്ന ബുഗാട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വുൾഫ്ഗാങ് ഡർഹെയ്മറുടെ പ്രഖ്യാപനം ആരെയും അമ്പരപ്പിക്കുന്നുമില്ല. പരമാവധി 1,480 ബി എച്ച് പി കരുത്തിന്റെയും 1,600 എൻ എം ടോർക്കിന്റെയും പിൻബലത്തോടെയെത്തുന്ന ഹൈപ്പർകാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക വെറും രണ്ടര സെക്കൻഡിലാവും; ആറര സെക്കൻഡിൽ ‘ഷിറോൺ’ 200 കിലോമീറ്റർ വേഗം കൈവരിക്കും. 13.6 സെക്കൻഡിൽ 300 കിലോമീറ്റർ വേഗം കൈവരിക്കുന്ന ‘ഷിറോണി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 420 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയാൽ 463 കിലോമീറ്റർ വരെ വോഗം കൈവരിക്കാൻ കാറിനു കഴിയുമെന്നാണു സൂചന; പക്ഷേ റോഡ് സാഹചര്യങ്ങളിൽ ഈ അതിവേഗം താങ്ങാൻ പ്രാപ്തിയുള്ള ടയറുകൾ ‘ഷിറോണി’ല്ലെന്നാണു പോരായ്മ.

bugatti-chiron-1 Bugatti Chiron

ടർബോ ചാർജിങ്ങിന്റെ പിൻബലത്തിലാണു ‘ഷിറോൺ’ ഈ അവിശ്വസനീയ കുതിപ്പ് കാഴ്ചവയ്ക്കുക. ‘വെറോണി’ലെ പോലെ ‘ഷിറോണി’ലും നാല് ടർബോ ചാർജറുകളാണ് ഇടംപിടിക്കുക; പക്ഷേ ‘വെറോണി’നെ അപേക്ഷിച്ച് ‘ഷിറോണി’ലെ ടർബോ ചാർജറുകൾക്ക് 69% അധിക വലിപ്പമുണ്ടാവുമെന്നതാണു വ്യത്യാസം. ടർബോ ലാഗ് മറികടക്കാൻ രണ്ടു ഘട്ടമായിട്ടാവും ‘ഷിറോണി’ലെ ടർബോ ചാർജറുകൾ പ്രവർത്തിക്കുക. ആദ്യ രണ്ടെണ്ണം 1,900 ആർ പി എമ്മിലും അവശേഷിക്കുന്നവ 3,800 ആർ പിഎമ്മിലുമാവും പ്രവർത്തനക്ഷമമാവുക.

bugatti-chiron Bugatti Chiron

ആകെ 500 ‘കെയ്റോൺ’ മാത്രം നിർമിച്ചു വിൽക്കാനാണു ബുഗാട്ടി ലക്ഷ്യമിടുന്നത്. അൽസെയ്സിലെ മോൾഷീമിലുള്ള ശാലയിൽ ആദ്യ 12 ‘ഷിറോണു’കളുടെ ഉൽപ്പാദനത്തിനു ബുഗാട്ടി തുടക്കമിട്ടുകഴിഞ്ഞു; ഇവയുടെ നിർമാണം മാർച്ചനകം പൂർത്തിയാക്കി ഉടമകൾക്കു കൈമാറാനാണു കമ്പനിയുടെ പദ്ധതി. ഇക്കൊല്ലം ആകെ 70 ‘ഷിറോൺ’ നിർമിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

Your Rating: