യു എസിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)ന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി എഫ് ഒ) ആയി ഇന്ത്യക്കാരിയായി ദിവ്യ സൂര്യദേവര നിയമിതയായി. ഇപ്പോഴത്തെ സി എഫ് ഒ ആയ ചക്ക് സ്റ്റീവൻസ് വിരമിക്കുന്ന ഒഴിവിൽ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തോടെയാണു സൂര്യദേവര(39)യുടെ നിയമനം. നിലവിൽ ഡെട്രോയ്റ്റ് ആസ്ഥാനമായ ജി എമ്മിന്റെ വൈസ് പ്രസിഡന്റ്(കോർപറേറ്റ് ഫിനാൻസ്) ആണ് അവർ. സ്റ്റീവൻസ് ജനറൽ മോട്ടോഴ്സിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണു പിൻഗാമിയായ സൂര്യദേവര ജനിച്ചതെന്ന സവിശേഷതയുമുണ്ട്.
കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ജി എം നടപ്പാക്കിയ പുനഃസംഘടന നടപടികളിൽ തന്ത്രപ്രധാന പങ്കാണു സൂര്യദേവര വഹിച്ചത്. ജി എമ്മിന്റെ യൂറോപ്യൻ വിഭാഗമായ ഒപെലിന്റെ വിൽപ്പനയിലും സ്വയം ഓടുന്ന വാഹന വികസന മേഖലയിൽ പ്രവർത്തിക്കുന്ന ക്രൂസ് ഏറ്റെടുക്കുന്നതിലുമൊക്കെ സൂര്യദേവരയുടെ പങ്ക് സുപ്രധാനമായിരുന്നു. കൂടാതെ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിൽ നിന്ന് ജി എം ക്രൂസിന് 225 കോടി ഡോളർ(ഏകദേശം 15,211 കോടി രൂപ) നിക്ഷേപം നേടിയെടുക്കുന്നതിലും അവരുടെ ഇടപെടൽ നിർണായകമായിരുന്നെന്നു ജി എം വിലയിരുത്തുന്നു.
ജി എമ്മിനൊപ്പമുള്ള 13 വർഷത്തെ സേവനത്തിനിടെ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ നിന്നു മികച്ച റേറ്റിങ് നേടിയെടുക്കാനും സൂര്യദേവരയ്ക്കു സാധിച്ചു. 2017 ജൂലൈയിലാണ് സൂര്യദേവരയെ നിക്ഷേപകരുമായുള്ള ബന്ധങ്ങളുടെ മേൽനോട്ടചുമതലയോടെ വൈസ് പ്രസഡിഡന്റ്(കോർപറേറ്റ് ഫിനാൻസ്) ആയി നിയോഗിച്ചത്. 2016ൽ ഓട്ടമോട്ടീവ് ന്യൂസ് റൈസിങ് സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ട സൂര്യദേവര കഴിഞ്ഞ വർഷം ക്രെയ്ൻസ് ഡെട്രോയ്റ്റ് ബിസിനസ് 40 അണ്ടർ 40 പട്ടികയിലും ഇടംപിടിച്ചിരുന്നു.
ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ നിന്നു കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 22—ാം വയസ്സിലാണു സൂര്യദേവര ഹാവാർഡ് ബിസിനസ് സ്കൂളിൽ എം ബി എ പഠനത്തിനായി യു എസിലെത്തുന്നത്. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ സൂര്യദേവര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യു ബി എസിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷത്തിനു ശേഷം 25—ാം വയസ്സിലാണ് സൂര്യദേവര ജി എമ്മിൽ ചേരുന്നത്.
സി എഫ് ഒ പദവിയൊഴിയുന്ന സ്റ്റീവൻസ് അടുത്ത മാർച്ചിൽ വിരമിക്കുംവരെ കമ്പനിയുടെ ഉപദേശകനായി തുടരുമെന്ന് ജി എം അറിയിച്ചു. നാലു പതിറ്റാണ്ടായി ജി എമ്മിനൊപ്പമുള്ള സ്റ്റീവൻസ് 2014 ജനുവരിയിലാണു കമ്പനിയുടെ സി എഫ് ഒ പദം ഏറ്റെടുത്തത്.