ബജാജ് ഡോമിനറും ബിഎംഡബ്ല്യുവും മത്സരിച്ചാൽ ആരു ജയിക്കും, വിഡിയോ

Screengrab

ബിഎംഡബ്ല്യു യൂറോപ്പിന് പുറത്ത് ആദ്യം നിർമിക്കുന്ന ബൈക്ക് ജി 310 ആർ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങും. കെടിഎം ഡ്യൂക്ക് 390, ഡോമിനർ തുടങ്ങിയ  ബൈക്കുകളുമായി ഏറ്റുമുട്ടുന്ന  310 ആർ  യൂറോപ്യൻ വിപണികളിൽ നേരത്തെ പുറത്തിറങ്ങിയതാണ്. ബിഎം‍ഡബ്ല്യുവിന്റെ ഈ ചെറു ബൈക്കും ഇന്ത്യൻ നിരത്തുകളിലെ  താരം ബജാജ് ഡോമിനറും തമ്മിൽ മത്സരിച്ചാൽ ആരു ജയിക്കും? 

ഡോമിനറെക്കാൾ എഞ്ചിൻശേഷി കുറവുള്ള  ബൈക്കായതുകൊണ്ടു തന്നെ ബജാജ് ആരാധകർക്ക് അറിയാൻ ആകാംക്ഷ കൂടും. ആ ആകാംക്ഷയ്ക്കു വിരാമമിടാനായി ഡോമിനറും ബിഎംഡബ്ല്യു ആർ 310 ഉം തമ്മിലൊരു ഡ്രാഗ് റേസ് സംഘടിപ്പിച്ചു അങ്ങ് കൊളംബിയയിൽ. യൂട്യൂബിൽ ഹിറ്റാകുന്ന വിഡിയോയിൽ ഇരു വാഹനങ്ങളും തമ്മിൽ തീപാറുന്ന മത്സരമാണ്.  എൻജിൻ  കപ്പാസിറ്റയുടെ കാര്യത്തിൽ ബജാജ് ഡോമിനറാണ് മുന്നിലെങ്കിലും പെർഫോമൻസിൽ ജി 310 ആർ കേമനാണെന്നാണ് വിഡിയോ പറയുന്നത്. തുടക്കത്തിൽ തന്നെ വ്യക്തമായ മുൻ‌തൂക്കം കിട്ടുന്നുണ്ട് ബിഎംഡബ്ല്യുവിന്റെ  ഈ ചെറുബൈക്കിന്. എന്നാൽ ഡോമിനറും ഒട്ടും മോശമാക്കുന്നില്ല. 

ബി എം ഡബ്ല്യുവും ടിവിഎസും ചേർന്നു പുറത്തിറക്കുന്ന ബൈക്കാണ് ജി 310 ആർ. മ്യൂനിച്ചിൽ രൂപകൽപന നിർവഹിച്ച 300 സിസി ബൈക്ക് നിർമിക്കുന്നത് ബെംഗലൂരുവിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലാണ്.  ബൈക്കിലെ 313 സി സി എൻജിൻ, 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കും സൃഷ്ടിക്കും.

കെടിഎം 390 ആർസി മോഡലുകളുടെ  എൻജിനാണ് ഡോമിനറിന്റെ എൻജിൻ പ്ലാറ്റ്ഫോം . ഡിടിഎസ്ഐ  സാങ്കേതിക വിദ്യയോടു കൂടിയ ട്രിപ്പിൾ സ്പാർക്ക് ഫോർ വാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഒാവർ എൻജിനാണ്. 8000 ആർപിഎമ്മിൽ 34.5 ബിഎച്ച്പി കരുത്ത് ഈ എൻജിൻ പുറത്തെടുക്കും. കൂടിയ ടോർക്ക് 8500 ആർപിഎമ്മിൽ 35 എൻഎമ്മും.