കാറിനു മാത്രമല്ല ഇനി ടയറിനും ഇഷ്ട നിറം

Tyre

കോട്ടയം ∙ ഒരു തവണ കാറ്റു നിറച്ചാൽ ഒരു വർഷത്തിലേറെ ഓടുന്ന ടയറുകളും വാഹനത്തിന്റെ നിറത്തോടു ചേരുന്ന പലനിറങ്ങളിലുള്ള ടയറുകളും നിരത്തിലുരുളാൻ ഇനി അധിക വർഷം കാത്തിരിക്കേണ്ട. എംജി സർവകലാശാല പ്രോ വൈസ് ചാൻസലറും പ്രമുഖ നാനോ സയൻസ് ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസാണ് ഈ കണ്ടുപിടുത്തങ്ങളുടെ പിന്നിൽ. വേൾഡ് ടയർ ആൻഡ് റബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ ‘ട്രില അക്കാദമിഷ്യൻ’ പുരസ്കാരത്തിന് അർഹമായ ഈ കണ്ടുപിടുത്തം ടയർ ഉൽപാദന മേഖലയ്ക്കുണ്ടാക്കുന്ന മാറ്റം ചെറുതാകില്ല.  

എംജി സർവകലാശാലയുടെ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ കീഴിലായിരുന്നു പരീക്ഷണം. നാനോ ടെക്നോളജി, പോളിമർ കെമിസ്ട്രി എന്നിവയുടെ സഹായത്തോടെയാണ് പുതിയ റബർ നാനോ മിശ്രിതം തയാറാക്കിയത്. ടയറുകളുടെ ഇന്നർ ലൈനുകളെ കൂടുതൽ മികവുള്ളതാക്കുക വഴി ടയറുകളുടെ ആയുസ്സ് കൂടുമെന്നും പ്രകടനം മെച്ചപ്പെടുമെന്നും ഡോ. സാബു തോമസ് പറയുന്നു. 

സ്വാഭാവിക റബറും കൃത്രിമ റബറും ശുദ്ധീകരിച്ചെടുത്ത കളിമണ്ണും ചേർത്താണു പുതിയ ഇന്നർ ലൈൻ തയാറാക്കിയത്. ഇന്നർ ലൈനിലുള്ള കളിമൺ കണികകളാണ് കാറ്റു പുറത്തു പോകാതെ തടയുന്നത്. ഭാരം, ഘർഷണം, തേയ്മാനം എന്നിവ കുറയുന്നതു വഴി ടയറിന്റെ ആയുസ്സും വാഹനത്തിന്റെ മൈലേജും യാത്രാസുഖവും കൂടും. പഞ്ചർ കുറയും. ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിമാനങ്ങളുടെ ടയറുകളും ഉൽപാദിപ്പിക്കാം. ആറു വർഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഫലം കണ്ടത്. – സാബു തോമസ് പറഞ്ഞു. 

കാർബൺ ബ്ലാക്ക് ചേർക്കുന്നതിനാലാണ് ഇപ്പോൾ ടയറുകൾക്കു കറുത്ത നിറം ഉണ്ടാകുന്നത്. നാനോ ഫില്ലേഴ്സ് ഘടകങ്ങൾ കൂടി ചേരുമ്പോൾ ടയറുകൾക്കു പല നിറം നൽകാം. കുറച്ചു വർഷത്തിനുള്ളിൽ തന്നെ ഇത്തരം ടയറുകൾ വിപണിയിലെത്തുമെന്നു സാബു തോമസ് പറഞ്ഞു. കാർബൺ ബ്ലാക്ക് പൂർണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ ‘ഗ്രീൻ’ ടയറുകൾ വിപണിയിൽ വരാനും അധികം കാക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. പുതിയ സാങ്കേതിക വിദ്യയുടെ ഇന്ത്യൻ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. തുടർന്നു രാജ്യാന്തര പേറ്റന്റിനും എംജി സർവകലാശാല അപേക്ഷ നൽകും.