Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എർട്ടിഗയുടെ എതിരാളി മിറ്റ്സുബിഷി എക്സ്പാൻഡർ

Mitsubishi Xpander Mitsubishi Xpander

എതിരാളികളില്ലാതെ വിപണി അടക്കിവാഴുന്ന നിരവധി വാഹനങ്ങളുണ്ട് ഇന്ത്യയിൽ. ടൊയോട്ട ഇന്നോവയും മാരുതി എർട്ടിഗയും അതിനുദാഹരണങ്ങളാണ്. മികച്ച വാഹനങ്ങൾ പുറത്തിറങ്ങാത്തതും വർദ്ധിച്ചുവരുന്ന ജനപ്രിയതയും ഇവർക്ക് സെഗ്‌മെന്റിൽ മുൻതൂക്കം നൽകുന്നു. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ചെറു എംപിവി സെഗ്‍‌മെന്റിലേയ്ക്ക് എൽയുവി (ലൈഫ് യൂട്ടിലിറ്റി വെഹിക്കിൾ) എന്ന ബ്രാൻഡിൽ എത്തിയ വാഹനമാണ് എർട്ടിഗ. വളരെ പെട്ടെന്നു തന്നെ എർട്ടിഗ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. 

എർട്ടിഗയുടെ വിജയം കണ്ടു മോഹിച്ച് മറ്റു ചില നിർമാതാക്കളും ചെറു എംപിവികളെ പുറത്തിറക്കിയെങ്കിലും നിലം തൊടാതെ പോയി. ഇന്ന് എംപിവി സെഗ്‍മെന്റിൽ കിരീടം വെയ്ക്കാത്ത രാജാവാണ് മാരുതിയുടെ ഈ ചെറുവാഹനം. എർട്ടിഗയുടെ വിപണി മോഹിച്ച് മറ്റൊരു വാഹനം കൂടി വരികയാണ്....മിറ്റ്സുബിഷി എക്സ്പാൻഡർ. ഇന്തോനീഷ്യൻ വിപണിയിൽ സുസുക്കി എർട്ടിഗയുടെ എതിരാളിയാണ് എക്സ്പാൻഡർ. മിറ്റ്സുബിഷി, എക്സ്പാൻഡറിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെപ്പറ്റി വാർത്തകളൊന്നും പുററത്തുവന്നിട്ടില്ലെങ്കിലും  സമീപഭാവിയിൽ തന്നെ  ഈ ചെറു എംപിവി വിപണിയിലെത്തിയേക്കാം.

ബോക്സി രൂപമുള്ള എംപിവികളിൽ നിന്നു വ്യത്യസ്തമായി  മസ്കുലറായ രൂപമാണ്  എക്സ്പാൻഡറിന്. 2017 ൽ ക്രോസ്ഓവർ എംപിവി എന്ന പേരിൽ ജക്കാർത്ത ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം  ഈ വർഷം ആദ്യം ഇന്തോനീഷ്യയിൽ പുറത്തിറങ്ങിയതോടെ സൂപ്പർ ഹിറ്റായി. മിറ്റ്സുബിഷിയുടെ ഡൈനാമിക്  ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലാണ് വാഹനത്തിന്റെ ഡിസൈൻ. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ, പ്രൊജക്റ്റർ ഹെഡ്‍‌ലാംപുകൾ,  മസ്കുലറായ വീൽ ആർച്ചുകൾ, ബോഡി ലൈനുകൾ എന്നിവയും  എക്സ്പാൻഡറിന്റെ പ്രത്യേകതകളാണ്.

സ്റ്റൈലിഷും ക്ലാസിയുമായ ഇന്റീരിയറാണ്. ഏഴ് പേർക്ക് സുഖമായി ഇരിക്കാം. 4,475 എംഎം നീളവും 1,750 എംഎം വീതിയും 1,700 എംഎം ഉയരവും എക്‌സ്പാന്‍ഡറിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 205എംഎമ്മും വീൽബെയ്സ് 2775 എംഎമ്മും. ഇന്തോനീഷ്യൻ വിപണിയിൽ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് മിറ്റ്സുബിഷി എക്‌സ്പാന്‍ഡറിനുള്ളത്. 1.5 ലീറ്റർ എൻജിന് 104 പിഎസ് കരുത്തും 141 എൻഎം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.