ഗവേഷണ, വികസന ചെലവുകൾ നിയന്ത്രിക്കാനായി വൈദ്യുത വാഹന നിർമാണത്തിൽ വിപുലമായ സഹകരണത്തിനു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറും മിറ്റ്സുബിഷി മോട്ടോഴ്സും ഫ്രാൻസിൽ നിന്നുള്ള റെനോയും ധാരണയിലെത്തി. വൈദ്യുത വാഹനങ്ങളുടെ വില പരമ്പരാഗത പെട്രോൾ എൻജിൻ കാറുകളുടെ നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിസ്സാനും റെനോയും മിറ്റ്സുബിഷിയും വൈദ്യുത വാഹന പ്ലാറ്റ്ഫോമുകൾ പങ്കിടാൻ ഒരുങ്ങുന്നത്. ലോകവ്യാപകമായി മലിനീകരണ നിയന്ത്രണ നിലവാരം കർശനമാക്കുന്ന സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ സഹകരിക്കാൻ ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗൻ ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷനും നേരത്തെ തീരുമാനിച്ചു.
ഈ നീക്കത്തിന്റെ ചുവടു പിടിച്ചാണു വൈദ്യുത വാഹന വികസനത്തിൽ ബിസിനസ് പങ്കാളികളായ നിസ്സാനും റെനോയും മിറ്റ്സുബിഷിയും സഹകരിക്കാൻ ഒരുങ്ങുന്നത്.മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രചാരകരാണ് ഫ്രഞ്ച് — ജാപ്പനീസ് നിർമാണ സഖ്യമായ റെനോ നിസ്സാൻ. പക്ഷേ സ്വന്തമായി വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കാനുള്ള പങ്കാളികളുടെ ശ്രമം വമ്പിച്ച പണച്ചെലവിലാണു കലാശിച്ചത്. ഇതോടെയാണു പഴയ പങ്കാളിയായ റെനോയ്ക്കു പുറമെ സമീപകാലത്ത് നിസ്സാന്റെ നിയന്ത്രണത്തിലെത്തിയ ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സിനെ കൂടി ഒപ്പം കൂട്ടാൻ നിസ്സാൻ തീരുമാനിച്ചത്.
നിലവിൽ നിസ്സാൻ വിൽക്കുന്ന വൈദ്യുത കാറായ ‘ലീഫി’ന്റെ പരിഷ്കരിച്ച പ്ലാറ്റ്ഫോമാവും ഭാവിയിൽ നിസ്സാനൊപ്പം റെനോയും മിറ്റ്സുബിഷിയും പങ്കിടുക. 2018ൽ പുതിയ കാർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. വൈദ്യുത വാഹനങ്ങളുടെ തന്ത്രപ്രധാന ഘടകങ്ങളായ മോട്ടോർ, ഇൻവർട്ടർ, ബാറ്ററി എന്നിവയെല്ലാം നിസ്സാനൊപ്പം റെനോയും മിറ്റ്സുബിഷിയും പങ്കുവയ്ക്കും. ഇതോടെ ‘ലീഫി’ന്റെ വില ഇപ്പോഴത്തേതിന്റെ അഞ്ചിലൊന്നായി കുറയുമെന്നാണു വിലയിരുത്തൽ.