Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എർട്ടിഗയ്ക്ക് ഭീഷണിയാകാൻ എക്സ്പാൻഡർ

Mitsubishi Xpander Mitsubishi Xpander

മാരുതി സുസുക്കി എർട്ടിഗയ്ക്ക് എതിരാളിയുമായി മിറ്റ്സുബിഷി എക്സ്പാൻഡർ എത്തുന്നു. പുതിയ ഔട്ട്ലാൻഡർ പുറത്തിറക്കുന്ന ചടങ്ങിലാണ് എംപിവിയെ മിറ്റ്സുബിഷി ഇന്ത്യയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. സമീപഭാവിയിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് മിറ്റ്സുബിഷി ഇന്ത്യ അറിയിച്ചത്. ക്രോസ് എസ് യു വി എക്‌ളിപ്സിന് ശേഷമായിരിക്കും എക്സ്പാൻഡർ വിപണിയിലെത്തുക.

‌എർട്ടിഗയുടെ വിപണി മോഹിച്ചെത്തുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് മിറ്റ്സുബിഷി കരുതുന്നത്. ഇന്തോനീഷ്യൻ വിപണിയിൽ സുസുക്കി എർട്ടിഗയുടെ എതിരാളിയാണ് എക്സ്പാൻഡർ. ബോക്സി രൂപമുള്ള എംപിവികളിൽ നിന്നു വ്യത്യസ്തമായി മസ്കുലറായ രൂപമാണ് എക്സ്പാൻഡറിന്. 2017 ൽ ക്രോസ്ഓവർ എംപിവി എന്ന പേരിൽ ജക്കാർത്ത ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം ഈ വർഷം ആദ്യം ഇന്തോനീഷ്യയിൽ പുറത്തിറങ്ങിയതോടെ സൂപ്പർ ഹിറ്റായി. മിറ്റ്സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലാണ് വാഹനത്തിന്റെ രൂപകൽ‌പ്പന. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ, പ്രൊജക്റ്റർ ഹെഡ്‍‌ലാംപുകൾ, മസ്കുലറായ വീൽ ആർച്ചുകൾ, ബോഡി ലൈനുകൾ എന്നിവയും എക്സ്പാൻഡറിന്റെ പ്രത്യേകതകളാണ്.

സ്റ്റൈലിഷും ക്ലാസിയുമായ ഇന്റീരിയറാണ്. ഏഴ് പേർക്ക് സുഖമായി ഇരിക്കാം. 4,475 എംഎം നീളവും 1,750 എംഎം വീതിയും 1,700 എംഎം ഉയരവും എക്‌സ്പാന്‍ഡറിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 205എംഎമ്മും വീൽബെയ്സ് 2775 എംഎമ്മും. ഇന്തോനീഷ്യൻ വിപണിയിൽ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് മിറ്റ്സുബിഷി എക്‌സ്പാന്‍ഡറിനുള്ളത്. 1.5 ലീറ്റർ എൻജിന് 104 പിഎസ് കരുത്തും 141 എൻഎം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.