Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനക്ഷമതയിലെ കൃത്രിമം: മിറ്റ്സുബിഷിക്ക് പിഴശിക്ഷ

Mitsubishi

ഇന്ധനക്ഷമത സംബന്ധിച്ചു തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി പരസ്യം നൽകിയതിന്റെ പേരിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ 48 കോടി യെൻ(ഏകദേശം 28.59 കോടി രൂപ) പിഴശിക്ഷ. ഇന്ധനക്ഷമതാ കണക്കുകളിൽ കൃത്രിമം കാട്ടിയെന്നു കമ്പനി കഴിഞ്ഞ വർഷം കുറ്റസമ്മതം നടത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിൽ വിറ്റ വാഹനങ്ങളുടെ പേരിൽ മിറ്റ്സുബിഷിക്കെതിരെ ജപ്പാനിലെ ഉപഭോക്തൃ സംരംക്ഷണ സംവിധാനമായ കൺസ്യൂമർ അഫയേഴ്സ് ഏജൻസി നടപടി സ്വീകരിച്ചത്.
ജാപ്പനീസ് നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള മിറ്റ്സുബിഷിയുടെ മോഡൽ കാറ്റലോഗുകളിലും വെബ്സൈറ്റിലും ഇന്ധനക്ഷമത സംബന്ധിച്ചു തെറ്റായ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നതെന്ന് ഏജൻസി കണ്ടെത്തി.

രാജ്യത്തു പ്രാബല്യത്തിലുള്ള ഗുഡ്സ് ആൻഡ് സർവീസസ് ലേബലിങ് നിയമത്തിനു വിരുദ്ധമായിരുന്നു കമ്പനിയുടെ ഈ നടപടി. ഏപ്രിലിൽ നിയമ പരിഷ്കാരം നിലവിൽ വന്ന ശേഷം വിറ്റ വാഹനങ്ങൾക്കാണു മിറ്റ്സുബിഷിയുടെ പേരിൽ നടപടി. മിനി കാറായ ‘ഇ കെ’, നിസ്സാനു വേണ്ടി കമ്പനി നിർമിച്ചു നൽകുന്ന സമാന മോഡലായ ‘ഡാവ്സ്’, എസ് യു വിയായ ‘ഔട്ട്ലാൻഡർ’ എന്നിവയുടെയൊക്കെ ഇന്ധനക്ഷമതയിൽ കൃത്രിമം കാട്ടിയെന്നാണു മിറ്റ്സുബിഷിക്കെതിരായ ആക്ഷേപം. യഥാർഥമല്ലാത്ത ഇന്ധനക്ഷമതാ കണക്കുകൾ നിരത്തി, ഉപയോക്താക്കളെ ആകർഷിക്കാനായി മിറ്റ്സുബിഷി മോട്ടോഴ്സ് വ്യാജ അവകാശവാദം നടത്തിയെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. അതേസമയം കൺസ്യൂമർ അഫയേഴ്സ് ഏജൻസിയിൽ നിന്നുള്ള കുറ്റപത്രം ലക്ഷിച്ച വിവരം മിറ്റ്സുബിഷി മോട്ടോഴ്സ് സ്ഥിരീകരിച്ചു. ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണുകമ്പനിയുടെ നിലപാട്.

ഇന്ധനക്ഷമത പെരുപ്പിച്ചു കാട്ടി വിവാദത്തിൽ കുടുങ്ങിയതോടെ മിറ്റ്സുബിഷി മോട്ടോഴ്സ് ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ശിക്ഷാനടപടികൾക്കുള്ള കനത്ത ചെലവ് മൂലം കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിൽ കലാശിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
വിവാദം പുറത്തെത്തിയ ഏപ്രിൽ മുതൽ കമ്പനിയുടെ ഓഹരി വിലയിൽ കനത്ത ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയിൽ നിന്നു പുറത്തു കടക്കാൻ കമ്പനി നിസ്സാൻ മോട്ടോർ കമ്പനിയുടെ സഹായവും തേടിയിരുന്നു. 220 കോടി ഡോളർ(ഏകദേശം 14,977 കോടി രൂപ) മുടക്കിയ നിസ്സാൻ, മിറ്റ്സുബിഷി മോട്ടോഴ്സിനെ നിയന്ത്രിക്കാനുള്ള അധികാരത്തോടെ കമ്പനിയുടെ മൂന്നിലൊന്ന് ഓഹരികളും സ്വന്തമാക്കി.

Your Rating: