പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഒരുങ്ങുന്നു. മിക്കവാറും ഈ മാസം അവസാനത്തോടെ പുത്തൻ ‘ജാസ്’ എത്തുമെന്നാണു പ്രതീക്ഷ.
സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെ, കാഴ്ചയിലും ഉള്ളടക്കത്തിലുമുള്ള മാറ്റങ്ങളോടെയാവും നവീകരിച്ച ‘ജാസി’ന്റെ വരവ്. വലിപ്പമേറിയ എയർ ഇൻടേക്ക് സഹിതം പുത്തൻ മുൻ ബംപർ, ഫോഗ് ലാംപ് ഹൗസിങ്ങിനു വേറിട്ട രൂപകൽപ്പന തുടങ്ങിയവയാണു കാറിന്റെ മുൻഭാഗത്തെ മാറ്റം. മുൻഗ്രില്ലിന്റെ ആകൃതിയിലും പരിഷ്കാരം നടപ്പാവുന്നുണ്ട്; ഹോണ്ടയിൽ നിന്നുള്ള പുത്തൻ മോഡലുകളോടു സാമ്യമുള്ള ഗ്രില്ലാവും ‘ജാസി’ലും ഇടംപിടിക്കുക. പിൻഭാഗത്താവട്ടെ എൽ ഇ ഡി ടെയിൽ ലാംപിന്റെ രൂപകൽപ്പനയിലെ മാറ്റമാണു പുതുമ.
കാറിലെ അലോയ് വീലുകൾക്കും പുത്തൻ രൂപകൽപ്പന ലഭ്യമാക്കും; പുതിയ ‘അമെയ്സി’ലെ അലോയ് വീലിനോടു സാമ്യമുള്ള വീലുകളാവും നവീകരിച്ച ‘ജാസി’ലും ഇടംപിടിക്കുക. മുന്തിയ വകഭേദത്തിൽ കൂടുതൽ സ്പോർട്ടി ലുക്കിനായി കറുപ്പ് അലോയ് വീലും ലഭ്യമാവും.
പുതുതലമുറ ഹോണ്ട ‘സിറ്റി’യിലെ പോലെ പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് ഹെഡ്ലാംപ് തുടങ്ങിയവയൊക്കെ പുത്തൻ ‘ജാസി’ലും പ്രതീക്ഷിക്കാം. അതേസമയം കാറിനു കരുത്തേകുക 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാവും. ട്രാൻസ്മിഷൻ സാധ്യതകളിലും മാറ്റമുണ്ടാവാനിടയില്ല. അതേസമയം ‘അമെയ്സി’ലെ പോലെ ഡീസൽ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് ‘ജാസി’ൽ ലഭിക്കാനിടയില്ല. ഇന്ത്യയിൽ മാരുതി സുസുക്കി ‘ബലേനൊ’യും പുത്തൻ ഹ്യുണ്ടേയ് ‘ഐ ട്വന്റി’യുമൊക്കെയാണ് ഹോണ്ട ‘ജാസി’ന്റെ എതിരാളികൾ.