അച്ഛനായ ജയറാമിന് ആനകളോടും ചെണ്ടയോടുമൊക്കെയാണ് കമ്പമെങ്കിൽ മകൻ കാളിദാസന് പ്രിയം വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമാണ്. ദുൽക്കറിനെപ്പോലെ എല്ലാം തികഞ്ഞ വാഹനപ്രേമി എന്ന പേരിലേക്കുള്ള ഓട്ടത്തിലാണ് മലയാളത്തിന്റെ ഈ പ്രിയ താരം. കാളിദാസന്റെ വാഹനപ്രേമത്തിന് നിരവധി ഉദാഹരങ്ങൾ നമ്മൾ ഈയിടെ കണ്ടു. ജർമൻ ഹൈവേയായ ഓട്ടോബാനിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതും ആ ഡ്രൈവിങ്ങിന്റെ ലഹരിയുമൊക്കെ കാളിദാസൻ ഈയടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഡൗണ്‍ലോഡ് ചെയ്യാം
ലംബോർഗിനിയുടെ മൈലേജ് ചോദിച്ച അച്ഛനെക്കുറിച്ചും അത്രയും വേഗതയിൽ വാഹനമോടിച്ചതു കേട്ടപ്പോൾ പേടിച്ച അമ്മയെക്കുറിച്ചുമെല്ലാം അന്ന് കാളിദാസൻ പറഞ്ഞു. വാഹനങ്ങളെ അതിരറ്റു സ്നേഹിക്കുന്നതു കൊണ്ടുതന്നെ കാളിദാസൻ സ്വന്തമാക്കുന്ന വാഹനവും വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. യുവതാരങ്ങളെല്ലാം ഔഡിയും ബെൻസും ബിഎംഡബ്ള്യുവും പോലുള്ള വാഹനനിർമാതാക്കളുടെ വാഹനങ്ങൾ തേടിപോകുമ്പോൾ ഓഫ്‌റോഡിങ്ങിനു അനുയോജ്യമായ മഹീന്ദ്ര ഥാർ ആണ് കാളിദാസന്റെ യാത്രകളിൽ കൂട്ട്. പിതാവ് ജയറാമിന്റെ പേരിലാണ് വാഹനം.
ഓഫ് റോഡർമാരുടെ ഇഷ്ടവാഹനമായ ഥാറിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. 2498 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്, 2523 സിസി എൻജിനുപയോഗിക്കുന്ന ഡിഐ മോഡലിന് 63 ബിഎച്ച്പി കരുത്തും 182.5 എൻഎം ടോർക്കുമുണ്ട്. നാലു വീൽ ഡ്രൈവ് ഗിയർബോക്സ് ഥാർ ഡിഐ മോഡലിൽ മാത്രമേ ലഭിക്കു. ഥാർ സിആർഡിഐക്ക് 9.25 ലക്ഷം രൂപയും ഡിഐ 2 വീൽ ഡ്രൈവിന് 6.42 ലക്ഷവും നാലുവീൽ ഡ്രൈവ് മോഡലിന് 6.94 ലക്ഷം രൂപയുമാണ് കൊച്ചി എക്സ്ഷോറൂം വില.