വില്ലീസ് ജീപ്പുകളുടെ അസംബിൾ ചെയ്ത് വിൽക്കാനുള്ള അവകാശത്തിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ യുവി നിർമാതാക്കളായി മാറിയ മഹീന്ദ്രയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വാഹനങ്ങളായിരുന്നു കമാന്റർ, 540, 550, മേജർ, ക്ലാസിക് തുടങ്ങിയവ. ഈ പാരമ്പര്യത്തിലെ അവസാന കണ്ണിയാണ് 2010ൽ പുറത്തിറങ്ങിയ ഥാർ. ജീപ്പിന്റെ സൗന്ദര്യത്തിൽ വിപണിയിലെത്തിയ ഥാർ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2015ൽ ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളുമായി ഫെയ്സ്‌ലിഫ്റ്റ് പുറത്തിറങ്ങിയെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഥാർ വിപണിയിൽ തുടരുന്നത്.
ഥാർ അടിമുടി മാറുകയാണ്, ക്ലാസിക് ലുക്ക് കൈവിടാതെ രാജ്യന്തര വിപണികളിലേക്കും ചേർന്ന ലുക്കിലായിരിക്കും പുതിയ ഥാർ എത്തുക. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പെനിൻഫെരീനയും സാങ്‍യോങും മഹീന്ദ്രയുടെ ഡിസൈൻ ടീമും ചേർന്നാണ് പുതിയ ഥാറിന്റെ രൂപകൽപ്പന. പുതിയ മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും ഥാർ. പുതിയ വാഹനത്തിന്റെ ആദ്യഘട്ട പരീക്ഷണയോട്ടങ്ങൾ മഹീന്ദ്ര ആരംഭിച്ചുകഴിഞ്ഞു.
നിലവിലെ വാഹനത്തെക്കാൾ വീതിയും നീളവും കൂട്ടിയായിരിക്കും പുതിയ ഥാർ എത്തുക. കൂടാതെ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ എയർബാഗ്, എബിഎസ് എന്നിവയുമുണ്ടാകും. 2020 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പുതിയ ഥാറിനെ മഹീന്ദ്ര പ്രദർശിപ്പിക്കും. ആ വർഷം തന്നെ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ എൻജിനു പകരം ബിഎസ് 6 നിലവാരത്തിലുള്ള 2.2 എംഹോക്ക് എൻജിനായിരിക്കും ഥാറിൽ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് ശ്രമിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും.