Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലയെ നായകനാക്കി ഥാർ പരസ്യം

kaala-jeep

രജനികാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ സ്വീകാര്യത മുതലെടുക്കാനുള്ള തീവ്രശ്രമത്തിലാണു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ചിത്രത്തിലെ നായകനായ കരികാലന്റെ യാത്രകൾ മഹീന്ദ്ര എസ് യു വിയായ ‘ഥാർ’ ആണെന്നതാണു സാഹചര്യം കമ്പനിക്ക് ഏറെ ഗുണകരമാക്കുന്നത്. 

‘ഥാർ സി ആർ ഡി ഇ’യുടെ ബോണറ്റിൽ ഇരിക്കുന്ന രജനികാന്ത് ആയിരുന്നു ‘കാല’യുടെ ആദ്യ പോസ്റ്ററിൽ നിറഞ്ഞു നിന്നത്. ഈ പോസ്റ്റർ തന്നെ ഉള്ളടക്കമാക്കിയാണു മഹീന്ദ്ര ‘ഥാറി’നുള്ള പുതിയ പത്രപരസ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഇതിഹാസങ്ങളുടെ സംഗമത്തിലാണു ചിത്രത്തിന്റെ പൂർണത എന്നാണു പരസ്യത്തിൽ മഹീന്ദ്രയുടെ അവകാശവാദം.

അതിനിടെ ‘കാല’യിൽ രജനികാന്ത് ഉപയോഗിച്ച ‘ഥാർ’ കമ്പനി മേധാവി ആനന്ദ് മഹീന്ദ്ര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. സിനിമയുടെ നിർമാതാവും രജനിയുടെ മരുമകനുമായ ധനുഷിൽ നിന്നു ലഭിച്ച ‘ഥാർ’ ഇപ്പോൾ ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലിയിലാണ്; മഹീന്ദ്ര മ്യൂസിയത്തിൽ പ്രദർശിപ്പിക്കൻ വേണ്ടിയാണ് ആനന്ദ് മഹീന്ദ്ര ഈ ‘ഥാർ’ സ്വന്തമാക്കിയത്. 

ഇന്ത്യൻ സാഹചര്യത്തിലെ മികച്ച ഓഫ് റോഡറായ രണ്ടു വകഭേദങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്: ‘ഡി ഐ’യും ‘സി ആർ ഡി ഇ’യും. ഡയറക്ടർ ഇഞ്ചക്ഷനുള്ള ‘ഥാർ’ പ്രധാനമായും ഗ്രാമീണ, അർധനഗര മേഖലകളെ ലക്ഷ്യമിട്ടുള്ളതാണ്. കർഷകരുടെയും മറ്റും ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത ഈ ‘ഥാറി’ൽ എട്ടു പേർക്കാണു യാത്രാസൗകര്യം. വാഹനത്തിലെ 2.5 ലീറ്റർ, നാലു സിലിണ്ടർ, എം ടു ഡി ഐ സി ആർ ടർബോ ചാർജ്ഡ് ഡീസൽ എൻജിന് 63 ബി എച്ച് പി വരെ കരുത്തും 180 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഓപ്ഷൻ വ്യവസ്ഥയിൽ പവർ സ്റ്റീയറിങ്ങും ലഭ്യമാണ്. റിയൽ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകളിൽ വിപണിയിലുള്ള ഈ ‘ഥാറി’ന്റെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ഡൽഹി ഷോറൂമിൽ 6.44 ലക്ഷം രൂപ മുതലാണു വാഹന വില.

അതേസമയം നഗരവാസികളെ നോട്ടമിട്ടെത്തുന്ന ‘ഥാർ സി ആർ ഡി ഇ’യാണു ‘കാല’യിലെ ‘സഹനടൻ’. ഇതിഹാസമാനങ്ങളുള്ള ‘ജീപ്പി’നെ അനുസ്മരിപ്പിക്കുന്ന അകത്തളവും സീറ്റുകളുമൊക്കെയുള്ള ഈ ‘ഥാറി’ൽ കരുത്തേറിയ എൻജിനുമുണ്ട്. ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ മാത്രമാണ് ‘ഥാർ സി ആർ ഡി ഇ’ ലഭിക്കുക. എയർ കണ്ടീഷനിങ്, പവർ സ്റ്റീയറിങ് സൗകര്യങ്ങളുമുണ്ട്. 2.5 ലീറ്റർ, ടർബോചാർജ്ഡ് എൻജിന് 105 ബി എച്ച് പിയോളം കരുത്തും 247 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. എട്ടു പേർക്ക് യാത്രാസൗകര്യമുള്ള ഈ ‘ഥാറി’നു വില പക്ഷേ 9.25 ലക്ഷം രൂപയാണ്.