സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയിൽ ഉപയോഗിച്ച ഥാർ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം. സിനിമയുടെ ചിത്രീകരണത്തിൽ ഉപയോഗിച്ച ഥാർ ഏറ്റെടുത്ത് മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമോ എന്ന് നേരത്തെ ആനന്ദ് മഹീന്ദ്ര നിർമാതാക്കളോട് ആരാഞ്ഞിരുന്നു. ഇതേതുടർന്നാണ് കാലയുടെ നിർമാതാവും രജനീകാന്തിന്റെ മരുമകനുമായ നടൻ ധനുഷ്, ഥാർ മഹീന്ദ്രയ്ക്ക് നൽകിയത്. ഥാർ ലഭിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാലയിലെ രജനി ലൂക്കിൽ ജീപ്പിൽ മഹീന്ദ്ര ജീവനക്കാർ ഇരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പത്രങ്ങളിൽ നൽകിയ കാലയുടെ പോസ്റ്റർ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. മഹീന്ദ്ര ‘ഥാറി’ന്റെ ബോണറ്റിൽ രജനീകാന്ത് ഇരിക്കുന്നതായിരുന്നു സിനിമാ പരസ്യത്തിലെ ചിത്രം. അന്ന് കാലയുടെ രഥമായി തിരഞ്ഞെടുക്കപ്പെടുന്നത് ഥാറിന് അഭിമാനം എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനീകാന്തിനൊപ്പം ബോളിവുഡ് താരങ്ങളായ നാന പടേക്കറും ഹുമ ഖുറേഷിയുമൊക്കെ വേഷമിടുന്നുണ്ട്. ഇതിഹാസമാനങ്ങളുള്ള ‘ജീപ്പി’ന്റെ പുനരവതാരമായ ‘ഥാർ’ ഇന്ത്യയിലെ ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമാണ്. മൂന്ന് എൻജിൻ സാധ്യതകളോടെ വിപണിയിലുള്ള ‘ഥാറി’ന് 6.27 ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപ വരെയാണു ഷോറൂം വില.