സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ പോസ്റ്റർ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ചിത്രത്തിൽ രജനിയുടെ വാഹനം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ഥാർ’ ആണെന്നതിലാണു മഹീന്ദ്രയുടെ അഭിമാനം. ജൂൺ ഏഴിനു പ്രദർശിനെത്തുന്നതിനു മുന്നോടിയായി ‘കാല’യുടെ മുഴുവൻ പേജ് പരസ്യങ്ങൾ കഴിഞ്ഞ ദിവസം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മഹീന്ദ്ര ‘ഥാറി’ന്റെ ബോണറ്റിൽ രജനീകാന്ത് ഇരിക്കുന്നതായിരുന്നു സിനിമാ പരസ്യത്തിലെ ചിത്രം.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഈ ചിത്രം പങ്കുവച്ചാണു ആനന്ദ് മഹീന്ദ്ര തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. ‘ഇതാണ് ഇന്നു രാവിലെ ഞാൻ പത്രങ്ങളുടെ ആദ്യ പേജിൽ കണ്ടത്. പ്രത്യേകിച്ചെന്തെങ്കിലും കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ‘കാല’യുടെ രഥമായി തിരഞ്ഞെടുക്കപ്പെടുന്നത് ‘ഥാറി’ന് അഭിമാനം’ എന്നായിരുന്നു ട്വീറ്റ്.
‘കാല’യിലെ ‘ഥാർ’ ഇതിനു മുമ്പു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് ഇതിവൃത്തമായിരുന്നു. കഴിഞ്ഞ വർഷം സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോഴാണു ‘കാല’യും ‘ഥാറും’ മഹീന്ദ്രയുടെ ശ്രദ്ധയിൽപെട്ടത്. സിനിമയുടെ ചിത്രീകരണത്തിൽ ഉപയോഗിച്ച ‘ഥാർ’ ഏറ്റെടുത്ത് മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമോ എന്നാണ് അന്നു മഹീന്ദ്ര ആരാഞ്ഞത്. തുടർന്നു ചിത്രീകരണ ആവശ്യം കഴിഞ്ഞാലുടൻ ഈ ‘ഥാർ’ മഹീന്ദ്രയ്ക്കു കൈമാറാമെന്ന് ‘കാല’യുടെ നിർമാതാവും രജനീകാന്തിന്റെ മരുമകനുമായ നടൻ ധനുഷ് മറുപടിയും നൽകി.
ചിത്രം പ്രദർശനജ്ജമായ സ്ഥിതിക്ക് ധനുഷ് വാക്കുപാലിക്കുമെന്നും ‘കാല’യുടെ ‘ഥാർ’ മ്യൂസിയത്തിനു കൈമാറുമെന്ന പ്രതീക്ഷയിലാണു മഹീന്ദ്ര. പ്രദർശനത്തിനെത്തുംമുമ്പ് ചൂടേറിയ ചർച്ചകൾക്കു വഴിവച്ച ‘കാല’യിൽ രജനീകാന്തിനൊപ്പം ബോളിവുഡ് താരങ്ങളായ നാന പടേക്കറും ഹുമ ഖുറേഷിയുമൊക്കെ വേഷമിടുന്നുണ്ട്. ഇതിഹാസമാനങ്ങളുള്ള ‘ജീപ്പി’ന്റെ പുനഃരവതാരമായ ‘ഥാർ’ ഇന്ത്യയിലെ ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമാണ്. മൂന്ന് എൻജിൻ സാധ്യതകളോടെ വിപണിയിലുള്ള ‘ഥാറി’ന് 6.27 ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപ വരെയാണു ഷോറൂം വില.