ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണത്തിലാണ് ലോകത്തിലെ വലിയ വാഹന നിർമാതാക്കളും ടെക് കമ്പനികളും. പരീക്ഷണങ്ങളെല്ലാം റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്ക് വേണ്ടിയാണ്. ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം കാടും മലയും താണ്ടുന്ന ഓഫ് റോഡിലേക്കും നീണ്ടോ, എന്ന ചോദ്യമായിരിക്കും ഈ വിഡിയോ കാണുന്നവർ ഉന്നയിക്കുക. കാരണം ഡൈവറില്ലാതെയാണ് ഈ മഹീന്ദ്ര ഥാർ മലകയറുന്നത്.
കുത്തബ് കാസി എന്നയാളാണ് ഫെയ്ബുക്കിലൂടെ തനിയെ മലകയറുന്ന ഥാറിന്റെ വിഡിയോ പങ്കുവെച്ചത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഡ്രൈവർ ഇറങ്ങി മാറുകയായിരുന്നു ചെറിയൊരു കുന്നു കയറിയതിന് ശേഷമാണ് ഡ്രൈവർ വീണ്ടും വാഹനത്തിൽ കയറിയത്.
എങ്ങനെ സംഭവിച്ചു?
ഡീസൽ വാഹനങ്ങൾക്ക് ലോ എൻഡ് ടോർക്ക് കൂടുതലാണ്. അതുകൊണ്ട് അക്സിലറേഷനില്ലാതെ ഗിയറിൽ ചെറിയ വേഗത്തിൽ മുന്നോട്ടു പോകാൻ സാധിക്കും. നാലു വീൽ ഡ്രൈവുള്ള വാഹനങ്ങളാണെങ്കിൽ ഫോർ വീൽ ഡ്രൈവ് എൻഗേജ് ചെയ്താലും ഇത്തരത്തിൽ അക്സിലറേഷനില്ലാതെ കുറഞ്ഞ വേഗത്തിൽ മുന്നോട്ടു നീങ്ങും. വിഡിയോയിലെ സാഹചര്യത്തിൽ ഫോർ വീൽ എൻഗേജ് ചെയ്തിരിക്കാനാണ് സാധ്യത. തുറസായ പ്രദേശമായതിനാൽ വാഹനം നിയന്ത്രണം വിട്ട് അപകടം സംഭവിക്കും എന്ന പേടിയും വേണ്ട. എന്നാൽ ഇത് റോഡിൽ പരീക്ഷിക്കാൻ ശ്രമിച്ചാൽ അപകടമായിരിക്കും ഫലം