എസ്‌യുവികൾ പുറത്തിറക്കി വിപണി വിഹിതം വർദ്ധിപ്പിക്കാൻ നിസാൻ. തുടക്കത്തിൽ ഹ്യുണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവി ക്രേറ്റയുടെ എതിരാളിയും തുടർന്ന് ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി ഫോർച്യൂണറിന്റെ എതിരാളിയേയുമാണ് നിസാൻ പുറത്തിറക്കുക. രാജ്യാന്തര വിപണിയിലെ നിസാൻ എസ്‌യുവികളായ കിക്സും ടെറയുമാണ് ഇന്ത്യയിലെത്തിക്കുക. 2022ൽ നിസാൻ ഇന്ത്യയുടെ മാർക്കറ്റ് ഷെയർ 5 ശതമാനമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നത്. 2019ൽ കിക്സും തുടർന്ന് ടെറയും എത്തും.
രണ്ടുവർഷം മുമ്പ് രാജ്യാന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ച കിക്സ് ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500 എന്നിവരുമായി മത്സരിക്കും. റെനൊ ക്യാപ്ച്ചർ നിർമിച്ച എംഒ പ്ലാറ്റ്ഫോമാണ് കിക്സിന്റെ അടിത്തറ. ബ്രസീലിലും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വിൽപ്പന വിജയം നേടിയ കിക്സ് ചെറിയ മാറ്റങ്ങളോടെയാകും എത്തുക. പ്രീമിയം ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.6 ലിറ്റർ പെട്രോള്‍, 1.5 ലിറ്റർ ഡീസൽ എൻജിനുകൾ. 10 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.
ചൈന, ഇന്തോനീഷ്യ, ഫിലിപ്പീൻസ് വിപണികളിൽ നിസാൻ ഈ വർഷം പുറത്തിറക്കിയ വാഹനമാണ് ടെറ. ടൊയോട്ട ഫോർച്യൂണർ, മിറ്റ്സുബിഷി പജീറോ സ്പോർട്ട്, ഇസൂസു എംയുഎക്സ്, ഷെവർലെ ട്രയൽബ്ലെയ്സർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങൾക്ക് എതിരാളിയാണ് ടെറ. 2.5 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടെറയിൽ. പെട്രോൾ എൻജിൻ 180 ബിഎച്ച്പി കരുത്തും 251 എൻഎം ടോർക്കും നൽകുമ്പോൾ ഡീസൽ എൻജിന്റെ കുരുത്ത് 188 ബിഎച്ച്പിയും ടോർക്ക് 450 എൻഎമ്മുമാണ്.