ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന കിക്സിന്റെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവിട്ട് നിസാൻ. രാജ്യാന്തര വിപണിയിലെ കിക്സിനെക്കാൾ വലുപ്പം കൂടിയ വാഹനമാണ് ഇന്ത്യൻ പതിപ്പ്. ഹ്യുണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവി ക്രേറ്റയുമായി മത്സരിക്കുന്ന കിക്സിന്റെ എൻജിൻ വിവരങ്ങൾ നിസാൻ പുറത്തുവിട്ടിട്ടില്ല.
രാജ്യാന്തര മോഡലിൽ നിന്ന് വ്യത്യസ്തമായി റീഡിസൈൻ ചെയ്ത മുൻ ബംപർ, അലുമിനിയം സ്കിഡ് പ്ലേറ്റ്, ഡേറ്റം റണ്ണിങ് ലാംപോടുകൂടിയ എൽഇഡി ഹെഡ്‍ലാംപ്, ഹണികോംപ് ഗ്രിൽ, വി ഷേപ്പിലുള്ള ക്രോം ബാൻഡ് എന്നിവയുണ്ട്. 17 ഇഞ്ചാണ് അലോയ് വീലുകൾ. മസ്‍കുലാർ ലുക്ക് തന്നെയാണ് ഇന്ത്യൻ പതിപ്പിനും. വശങ്ങൾക്കും പിൻഭാഗത്തിനും കാര്യമായ മാറ്റങ്ങളില്ല.
നീളക്കൂടുതലാണ് ഇന്ത്യൻ കിക്സിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. രാജ്യാന്തര മോഡലിനേക്കാൾ 89 എംഎം നീളം വർദ്ധിച്ച് 4384 എംഎമ്മായി. വീതി 1813 എംഎമ്മും ഉയരം 1656 എംഎമ്മും. റെനൊ ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് പ്രദർശിപ്പിച്ചത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2016 ല്‍ ബ്രസീല്‍ വിപണിയിലെത്തി.
പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.5 ലീറ്റർ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 8 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.