ബജാജ് ‘വി’: ആദ്യ ബാച്ച് രക്തസാക്ഷിത്വ ദിനത്തിൽ

Bajaj V

യുദ്ധവീര്യത്തിന്റെ പകിട്ടോടെ എത്തുന്ന പുതിയ 150 സി സി മോട്ടോർ സൈക്കിളായ ‘വി’യുടെ കൈമാറ്റത്തിനു രക്തസാക്ഷി ദിനം തിരഞ്ഞെടുത്ത് ബജാജ് ഓട്ടോ ലിമിറ്റഡ്. ഓട്ടോ എക്സ്പോയ്ക്കു മുന്നോടിയായി അനാവരണം ചെയ്ത ബൈക്ക് ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് സ്വാതന്ത്യ്ര സമര സേനാനികളും രക്തസാക്ഷികളുമായ ഭഗത് സിങ്ങിന്റെയും സുഖ്ദേവ് താപ്പറിന്റെയും ശിവറാം രാജ്ഗുരുവിന്റെയും ചരമ വാർഷികമായ 23നു ‘വി’ കൈമാറാനാണു കമ്പനിയുടെ ശ്രമം. ഇതിഹാസമാനങ്ങളുള്ള പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്ക് ഉപയോഗിച്ചു നിർമിച്ചു എന്നതാണു കമ്യൂട്ടർ വിഭാഗത്തിലേക്കുള്ള പുതിയ പോരാളിയായ ‘വി 15’ ബൈക്കിൽ ബജാജ് ഓട്ടോ അവകാശപ്പെടുന്ന സവിശേഷത. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ നിർമാണത്തിലാണു ബജാജ് ഓട്ടോ കപ്പലിൽ നിന്നു ലഭിച്ച ഉരുക്ക് ഉപയോഗിച്ചിരിക്കുന്നത്. ബൈക്കിന്റെ പിറവിയെ ദേശഭക്തിയുമായി ചേർത്തു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവണം ‘വി’ കൈമാറ്റത്തിനു രക്തസാക്ഷിത്വ ദിനം തന്നെ ബജാജ് തിരഞ്ഞെടുത്തത്.

Bajaj V

‘വി’യുടെ ആദ്യ ചിത്രങ്ങൾ കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു ബജാജ് പുറത്തുവിട്ടത്. ഒപ്പം നാവികസേനയുടെ അഭിമാനവും ആദ്യ വിമാനവാഹിനിക്കപ്പലുമായിരുന്ന ‘ഐ എൻ എസ് വിക്രാന്ത്’ പൊളിച്ചപ്പോൾ ലഭിച്ച ഉരുക്ക് ഉപയോഗിച്ചു ബൈക്ക് നിർമിച്ച കഥയും അന്നു ബജാജ് ഓട്ടോ പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ ‘വിക്രാന്തു’മായുള്ള ഈ അത്മബന്ധത്തിൽ അധിഷ്ഠിതമായാണു ബജാജ് ഓട്ടോ ‘വി 15’ ബൈക്കിന്റെ പരസ്യ പ്രചാരണങ്ങളെല്ലാം ആവിഷ്കരിച്ചിരിക്കുന്നത്.‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ എന്നാണ് ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നു ലഭിച്ച ഉരുക്കിൽ പിറന്ന ‘വി’യെ ബജാജ് ഓട്ടോ പരിചയപ്പെടുത്തുന്നത്. ബൈക്കിലെ പുതിയ 149.5 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിന് 7500 ആർ പി എമ്മിൽ പരമാവധി 12 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഈ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ച് 25% അധിക ടോർക്കാണു ബൈക്കിൽ ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

Bajaj V

കഴിഞ്ഞ മാസമാണു ഡൽഹി ഷോറൂമിൽ 61,999 രൂപ വില നിശ്ചയിച്ച ബൈക്ക് കമ്പനി അനാവരണം ചെയ്തത്. ഒപ്പം 5,000 രൂപ അഡ്വാൻസ് ഈടാക്കി രാജ്യവ്യാപകമായി തന്നെ ‘വി’ക്കുള്ള ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങി. കഫേ റേസറും ക്രൂസറും സമന്വയിക്കുന്ന ശൈലിയിലുള്ള രൂപകൽപ്പനയുടെ പിൻബലത്തിൽ കമ്യൂട്ടർ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമാണ് ‘വി 15’. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന റൈഡർമാർക്കായി റിമൂവബിൾ കൗൾ സഹിതമാണു ബൈക്കിന്റെ പിൻസീറ്റ്. നിറം മാറുന്ന എൽ ഇ ഡി ഇന്ധന ഗേജ്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയുമൊക്കെ ബൈക്കിന്റെ സവിശേഷതകളാണ്. അടുത്ത 18 മാസത്തിനുള്ളിൽ അരലക്ഷം ‘വി’ ബൈക്കുകൾ വിൽക്കാനാണു ബജാജ് ലക്ഷ്യമിടുന്നത്. ഈ ബ്രാൻഡിനെ മറ്റു വിഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതു സംബന്ധിച്ചും ബജാജ് വരുന്ന ഒന്നര വർഷത്തിനകം തീരുമാനമെടുക്കും. ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ കമ്പനി അവതരിപ്പിക്കുന്ന ആറാമതു ബ്രാൻഡാണു ‘വി’ എന്ന് ബജാജ് ഓട്ടോ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — മോട്ടോർ സൈക്കിൾ) സുമീത് നാരംഗ് വെളിപ്പെടുത്തി. ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്ക് ഉപയോഗിച്ചു തീർന്നാലും ‘വി’ എന്ന ബ്രാൻഡ് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.