ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ ബുഗാട്ടി വെയ്റോണിന്റെ പിൻഗാമി ബുഗാട്ടി കെയ്റോണിനെ ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കും. ചൂടപ്പം പോലെ വിറ്റഴിഞ്ഞ സൂപ്പർ കാറായ ‘വെറോണി’ന്റെ പാരമ്പര്യം കാക്കേണ്ട ‘കൈറോൺ’ പ്രകടനക്ഷമതയിൽ മുൻഗാമിയെ കടത്തിവെട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 420 കിലോമീറ്റർ കടക്കുമെന്നും കമ്പനി പറയുന്നു. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെയ്റോണിന് വെറും 2.5 സെക്കൻഡുകൾ മാത്രം മതി. 200 കിലോമീറ്റർ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റർ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും കെയ്റോൺ കടക്കും. ഏകദേശം ഇരുപത് കോടി രൂപയായിരിക്കും കാറിന്റെ ഇന്ത്യൻ വില.
ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാർ എന്ന പദവി ‘കൈറോണി’ന്റെ മുൻഗാമിയായ ‘വെറോണിന് അവകാശപ്പെട്ടതാണ്. മണിക്കൂറിൽ 415 കിലോമീറ്റർ. പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 420 കിലോമീറ്റർ വേഗത കൈവരിച്ചെന്നും അതിൽ കൂടുതൽ വേഗത കൈവരിക്കാനുള്ള ശേഷി കാറിനുണ്ടെന്നുമാണ് കമ്പനിയുടെ അവകാശവാദം. രണ്ടു സീറ്റുള്ള സൂപ്പർ കാറിനു കരുത്തേകുന്നത് എട്ടു ലീറ്റർ, ക്വാഡ് ടർബോ, ഡബ്ല്യു 16 എൻജിനാവാനാണ്. 1479 ബി എച്ച് പി കരുത്തും 163 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. അരങ്ങേറ്റത്തിനു മുമ്പു തന്നെ ‘കൈറോൺ’ 150 ഓർഡർ നേടിക്കഴിഞ്ഞെന്നാണു ബ്യുഗാട്ടിയുടെ അവകാശവാദം. 1920 — 1930 കാലത്ത് ബ്യൂഗാട്ടി വർക്സ് ഡ്രൈവറായിരുന്ന ലൂയിസ് കൈറോണിനുള്ള ആദരമായാണ് മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ അനാവൃതമാകുന്ന കാറിനു ‘കൈറോൺ’ എന്നു പേരിട്ടിരിക്കുന്നത്.
ഇതിനു പുറമെ ഗ്രീക്ക് പുരാണത്തിലും ‘കൈറോണി’ന് ഇടമുണ്ട്; മനുഷ്യന്റെ തലയും കുതിരയുടെ ഉടലും സമന്വയിക്കുന്ന സെന്റോറുകളിലെ ഏറ്റവും കേമനായാണു ‘കൈറോണി’നെ ഗ്രീക്ക് പുരാണം വാഴ്ത്തുന്നത്. വൈദ്യശാസ്ത്രം, സംഗീതം, അമ്പെയ്ത്ത്, വേട്ട, പ്രവചനം തുടങ്ങി പല മേഖലകളിലും വളർത്തച്ഛനായ അപ്പോളൊയുടെ കഴിവുകളോടു കിട പിടിക്കുന്ന സാമർഥ്യം കൈമുതലാക്കിയ ‘കൈറോണി’നു യുവത്വം നിലനിർത്താനുള്ള അപൂർവ സിദ്ധിയും സ്വന്തമായിരുന്നത്രെ. മുൻഗാമിയായ ‘വെറോണി’ന്റെ നിർമാണം 400 യൂണിറ്റിലൊതുക്കിയ ബ്യുഗാട്ടി ഇത്തവണ പക്ഷേ 500 ‘കൈറോൺ’ നിർമിച്ചു വിൽക്കാനാണു തയാറെടുക്കുന്നത്. പ്രതിവർഷ ഉൽപ്പാദനം 100 യൂണിറ്റിലൊതുങ്ങുന്ന ഈ കാറിന്റെ വില 20 ലക്ഷം യൂറോ(ഏകദേശം 14.53 കോടി രൂപ)യോളമാവുമെന്നാണു വിലയിരുത്തൽ.