എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചതോടെ ഇന്ത്യയിൽ ഇന്ധനവില ഉയരാൻ വഴിയൊരുങ്ങി. അടുത്ത മൂന്നു നാലു മാസത്തിനുള്ളിൽ ചില്ലറ വിൽപന വില അഞ്ചു മുതൽ എട്ട് ശതമാനം വരെ ഉയരുമെന്ന് ഗവേഷണ ഏജൻസി ക്രിസിൽ പറയുന്നു. പെട്രോൾ വില 5–8%, ഡീസൽ വില 6–8% എന്നിങ്ങനെ ഉയരാം.
എണ്ണ ഉൽപാദനം പ്രതിദിനം 12 ലക്ഷം ബാരൽ കണ്ട് കുറയ്ക്കാനാണ് ഒപെക് തീരുമാനം. ഇത് ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ വർധനയുണ്ടാക്കും. മാർച്ചോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 50–55 ഡോളർ നിലവാരത്തിലെത്താൻ സാധ്യതയുണ്ട്. ഇതോടെ ഇന്ത്യയിൽ പെട്രോൾ വില ലീറ്ററിന് 75 രൂപയ്ക്കു മുകളിലെത്തും.
എണ്ണ വില ബാരലിന് 60 ഡോളർ എത്തിയാൽ പെട്രോൾ വില ലീറ്ററിന് 80 രൂപ, ഡീസൽ ലീറ്ററിന് 68 രൂപ എന്നിങ്ങനെയായി ഉയരും.ഉപയോക്താക്കൾക്കു ഭാരമാകുമെങ്കിലും ഉടനെയുള്ള വിലവർധന എണ്ണക്കമ്പനികൾക്കു നേട്ടമാണെന്നും ക്രിസിൽ പറയുന്നു.
ഈ മാസം അവർ വാങ്ങുന്നതു കഴിഞ്ഞ മാസം ബുക്ക് ചെയ്ത എണ്ണയായിരിക്കും. ബാരലിന് 46 ഡോളർ ആയിരുന്നു നവംബറിലെ വില. ഇതു ശുദ്ധീകരിച്ച് പുതിയ, ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ബാരലിന് 6–7 ഡോളർ ലാഭമുണ്ടാക്കാനാകും. 3.8 ഡോളർ ആയിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ ജൂലൈ – സെപ്റ്റംബർ ത്രൈമാസത്തിൽ നേടിയ ശുദ്ധീകരണ ലാഭം.
ഈ നേട്ടം ജനുവരി – മാർച്ച് പാദത്തിൽ ആവർത്തിക്കാനാകണമെന്നില്ല. കാരണം അതിനകം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന നിലവാരത്തിലായിക്കഴിയും.