പണ്ടത്തെ വൈരാഗ്യമൊക്ക മാറ്റിവച്ച് 50 സി സി സ്കൂട്ടർ നിർമാണത്തിൽ സഹകരിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയും യമഹയും കൈകോർക്കുന്നു. ജാപ്പനീസ് വിപണിയിൽ 50 സി സി സ്കൂട്ടറുകൾ വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നു കഴിഞ്ഞ ഒക്ടോബറിൽ പഴയ ശത്രുക്കൾ പ്രഖ്യാപിച്ചത്. ഹോണ്ടയും യമഹയുമായുള്ള ഈ ധാരണ തികച്ചും ബുദ്ധിപരമാണെന്നാണ് യമഹ മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹിരൊയുകി യനഗിയുടെ വിലയിരുത്തൽ. 50 സി സി സ്കൂട്ടറുകൾക്ക് ജപ്പാനിലും യൂറോപ്പിലുമായി പരിമിത വിപണിയാണ നിലവിലുള്ളത്. ഈ വിഭാഗത്തിൽ പിടിച്ചുനിൽക്കാൻ യമഹയും ഹോണ്ടയും പാടുപെടുകയുമാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നവർ പരസ്പരം സഹകരിക്കുക മാത്രമാണു കരകയറാനുള്ള വഴിയെന്നു യനഗി വിശദീകരിക്കുന്നു.
തീർത്തും അടിസ്ഥാനപരമായ സഞ്ചാര സ്വാതന്ത്യ്രമാണ് ജപ്പാനിലെ 50 സി സി സ്കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നത്; അതുകൊണ്ടുതന്നെ ഇരുചക്രവാഹന വിപണിയിൽ ഇവയുടെ വിഹിതം നാമമാത്രവുമാണ്. ഇപ്പോഴത്തെ നില തുടർന്നാൽ ഈ വിഭാഗം നാമാവശേമാവുമെന്ന തിരിച്ചറിവാണ് 50 സി സി സ്കൂട്ടർ വിപണി ജപ്പാനിലെങ്കിലും നിലനിർത്താൻ യോജിച്ചു പ്രവർത്തിക്കാൻ യമഹയെയും ഹോണ്ടയെയും പ്രേരിപ്പിക്കുന്നത്. മൂന്നു ദശാബ്ദത്തോളം മുമ്പ് നടന്ന ഹോണ്ട — യമഹ പോരാട്ടത്തെപ്പറ്റി ഇപ്പോൾ അനുസ്മരിക്കുന്നതിൽ കാര്യമില്ലെന്നും യനഗി കരുതുന്നു. പഴയ തലമുറ കാര്യങ്ങൾ തീരുമാനിച്ച കാലത്തായിരുന്നു ആ യുദ്ധം; വ്യത്യസ്തമായി ചിന്തിക്കുന്ന പുതിയ തലമുറ ചുമതലയേറ്റ സാഹചര്യത്തിൽ യുദ്ധ ചരിത്രത്തിനു പ്രസക്തിയില്ലെന്നാണു യനഗിയുടെ പക്ഷം.
എൻജിൻ ശേഷി കുറഞ്ഞ സ്കൂട്ടറുകൾക്കു പുറമെ വൈദ്യുത മോട്ടോർസൈക്കിൾ മേഖലയിൽ സഹകരിക്കാനുള്ള സാധ്യതയും യമഹയും ഹോണ്ടയും തേടുന്നുണ്ട്. വാഹനവില, പ്രകടനക്ഷമത, ചാർജിങ്ങിനുള്ള സമയം, ദൂരപരിധി തുഠങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള സാധ്യതയാണ് പരിഗണനയിലുള്ളത്. സാങ്കേതിക വിഭാഗത്തിൽ സഹകരിക്കുമ്പോഴും ജപ്പാനിലെ വാഹന നിർമാണ കമ്പനികൾക്കിടയിൽ നടക്കുന്ന ലയനം പോലുള്ള സാധ്യതകൾ ഹോണ്ടയുടെയും യമഹയുടെയോ പരിഗണനയിലില്ലെന്നും യനഗി വ്യക്മാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ നിയന്ത്രണം ഏതാനും മാസം മുമ്പ് നിസ്സാൻ മോട്ടോർ കമ്പനി ഏറ്റെടുത്തിരുന്നു. അതുപോലെ പരസ്പരം സഹകരിക്കാനുള്ള തീരുമാനം ടൊയോട്ടയും സുസുക്കിയു പ്രഖ്യാപിക്കുകയും ചെയ്തു.