മാരുതി സുസുക്കിയുടെ ആദ്യ എൽ സി വി മാർച്ചിനകം

സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും നടപ്പു സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് ആദ്യ ലഘുവാണിജ്യ വാഹനം(എൽ സി വി) പുറത്തിറക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). വാണിജ്യ വാഹന വിഭാഗം വിൽപ്പന നേരിടുന്ന തിരിച്ചടികളെ അവഗണിച്ചും ഈ വിഭാഗത്തിലേക്കു മുൻനിശ്ചയപ്രകാരം പ്രവർത്തനം വ്യാപിപ്പിക്കാനാണു കമ്പനിയുടെ തീരുമാനമെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. തുടക്കത്തിൽ ഏതാനും സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിപണനം തുടങ്ങാനും ക്രമേണ ദേശീയതലത്തിൽ വിൽപ്പന ആരംഭിക്കാനുമാണു പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക വിപണന ശൃംഖല സ്ഥാപിച്ച് എൽ സി വി വിൽക്കാനാണു മാരുതി സുസുക്കി ആലോചിക്കുന്നത്.

അതേസമയം ഇന്ത്യൻ ആഭ്യന്തര വിപണിയിൽ വാണിജ്യ വാഹന വിഭാഗത്തിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും എൽ സി വി വിൽപ്പനയിൽ കാര്യമായ പുരോഗതി ദൃശ്യമല്ല. അങ്ങനെ സാഹചര്യങ്ങൾ തികച്ചും പ്രതികൂലമാണെന്നിരിക്കെയാണു കമ്പനി എൽ സി വി പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

യാത്രാവാഹന വിൽപ്പന മെച്ചപ്പെടുത്താൻ ഗ്രാമീണ മേഖലയിൽ കമ്പനി പ്രവർത്തനം ഊർജിതമാക്കുമെന്നും കാൽസി അറിയിച്ചു. നിലവിൽ 1.25 ലക്ഷം ഗ്രാമങ്ങളിലാണു മാരുതിക്കു സാന്നിധ്യമുള്ളത്; മാർച്ചിനകം 25,000 ഗ്രാമങ്ങളിലേക്കു കൂടി കമ്പനി പ്രവർത്തനം വ്യാപിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിൽ നേരിടുന്ന മാന്ദ്യം അതിജീവിക്കാൻ പുതിയ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സഹായിക്കുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിൽ കമ്പനിയുടെ മൊത്തം വാഹന വിൽപ്പനയുടെ മൂന്നിലൊന്നും ഗ്രാമീണ മേഖലയിൽ നിന്നാണെന്നും കാൽസി വെളിപ്പെടുത്തി.

നടപ്പു സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യമായി കാർ വാങ്ങുന്നവരുടെ വിഹിതം 2014 — 15ൽ 37 ശതമാനമായിരുന്നത് ഇക്കൊല്ലം 44% ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.