ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിലെ സൂപ്പർതാരവും ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായ നെയ്മറിനെ കോടികൾ മുടക്കിയാണു ബാഴ്സിലോണ ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയത്. ഇപ്പോഴിതാ പുതിയ സ്വകാര്യ വിമാനം സ്വന്തമാക്കിയിരിക്കുകയാണു നെയ്മർ. 60 കോടി രൂപ വിലയുള്ള ഒരു ചെറു സ്വകാര്യ വിമാനം സ്വന്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ വർഷം അവസാനത്തോടെ വിമാനം സ്വന്തമാക്കിയിരുന്നെങ്കിലും വാർത്തകൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
അമേരിക്കൻ കമ്പനിയായ സെസ്നയുടെ മോഡൽ 680 എന്ന ചെറുവിമാനമാണു താരം വാങ്ങിയത്. പന്ത്രണ്ട് യാത്രക്കാരെയും രണ്ടു വിമാന ജോലിക്കാരെയും വഹിക്കാൻ ശേഷിയുള്ള സെസ്നയ്ക്ക് ഒറ്റയടിക്ക് 3190 മൈൽ (5133 കിലോമീറ്റർ) വരെ സഞ്ചരിക്കാനാവും. മണിക്കൂറിൽ 890 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുള്ള ശേഷി സെസ്ന 680 ന്റെ എൻജിനുണ്ട്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നെയ്മറിന്റെ മറ്റൊരു ജെറ്റ് വിമാനവും ഉല്ലാസബോട്ടും ഹെലികോപ്റ്ററും അടക്കമുള്ള സ്വത്തുകൾ ഫെബ്രുവരിയില്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചിരുന്നു. 2011-13 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 106 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് സ്വന്തുക്കൾ മരവിപ്പിച്ചത്. അതേ തുടർന്നാണ് നെയ്മർ ചെറു സ്വകാര്യ വിമാനം സ്വന്തമാക്കിയത് എന്നാണ് കരുതുന്നത്.