വർഷാവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന സ്പോർട്സ് കാറായ ‘ജി ടി — ആറി’നുള്ള പ്രീ ബുക്കിങ് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ സ്വീകരിച്ചു തുടങ്ങി. 25 ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു നിസ്സാൻ ‘ജി ടി — ആറി’നുള്ള പ്രീ ബുക്കിങ് സ്വീകരിക്കുക. മാർച്ചിൽ നടന്ന ന്യൂയോർക്ക് ഇന്റർനാഷനൽ ഓട്ടോ ഷോയിൽ അനാവരണം ചെയ്ത ‘ജി ടി — ആർ’ ആണ് ഡിസംബറോടെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുക.
നിസ്സാന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ മോഡലായ ‘ജി ടി — ആർ’ 2007ലാണ് അരങ്ങേറ്റം കുറിച്ചത്; ഇതിനു ശേഷമുള്ള ഏറ്റവും സമഗ്രമായ പരിഷ്കാരങ്ങളോടെയാണു മാർച്ചിൽ പുറത്തെത്തിയ ‘2017 ജി ടി — ആറി’ന്റെ വരവ്. പുത്തൻ രൂപകൽപ്പനയും ആഡംബരം തുളുമ്പുന്ന അകത്തളവും മികച്ച ഡ്രൈവിങ് ക്ഷമതയും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയുള്ള കാർ ഇന്ത്യയിലും വാഹനപ്രേമികളുടെ മനം കവരുമെന്നാണു നിസ്സാന്റെ പ്രതീക്ഷ. ഇന്ത്യയിലെ നിസ്സാൻ ശ്രേണിക്കു കൂടുതൽ ആവേശം പകരാൻ ‘2017 ജി ടി — ആറി’ന്റെ വരവോടെ സാധിക്കുമെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് അഭിപ്രായപ്പെട്ടു. നിസ്സാന്റെ പ്രകടനക്ഷമതയ്ക്കുള്ള സാക്ഷ്യപത്രമാണു ‘ജി ടി — ആർ’; പുതിയ കാറാവട്ടെ കൂടുതൽ കരുത്തുറ്റതും അഡംബര സമൃദ്ധവുമാണ്. ഇതിഹാസമാനങ്ങളുള്ള ഈ സ്പോർട്സ് കാറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക 3.8 ലീറ്റർ, വി സിക്സ്, 24 വാൽവ്, ഇരട്ട ടർബോചാർജ്ഡ് എൻജിനാണു ‘ജി ടി — ആറി’നു കരുത്തേകുന്നത്; 6,800 ആർ പി എമ്മിൽ 570 പി എസ് വരെ കരുത്തും 637 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ജപ്പാനിൽ ‘ടകുമി’ എന്നറിയപ്പെടുന്ന വിദഗ്ധരുടെ കരവിരുതിൽ പിറക്കുന്ന ഈ എൻജിനൊപ്പമുള്ളത് ആറു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണ്. ഈ സങ്കലനത്തിൽ വെറും മൂന്നു സെക്കൻഡിലാണു ‘ജി ടി — ആർ’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. യൂറോപ്പിനായി വികസിപ്പിച്ച പ്രീമിയം എഡിഷൻ ‘ജി ടി — ആർ’ ആവും ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുക. 2016 മോഡലിന്റെ പുതുവർണമായ കറ്റ്സുര ഓറഞ്ചിനൊപ്പം വൈബ്രന്റ് റെഡ്, പേൾ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗൺ മെറ്റാലിക്, അൾട്ടിമേറ്റ് സിൽവർ നിറങ്ങളിൽ കാർ ലഭ്യമാവും; നിറത്തോട് കിട പിടിക്കുന്ന ലതറിലാണു കാറിന്റെ അകത്തളവും സജ്ജീകരിക്കുകയെന്ന പ്രത്യേകതയുമുണ്ട്.