Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോ ഗൂച്ചി റോമർ എത്തുന്നു

moto-guzzi-roamer Moto Guzzi Roamer

പുതിയ മോഡൽ അവതരണങ്ങൾ വഴി ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാൻ ഇറ്റലിയിൽ നിന്നുള്ള പിയാജിയൊ ഗ്രൂപ് ഒരുങ്ങുന്നു. ഗ്രൂപ്പിൽപെട്ട വെസ്പ, ഏപ്രിലിയ, മോട്ടോ ഗുചി ബ്രാൻഡുകളിലെല്ലാം പുതിയ മോഡലുകൾ അവരിപ്പിക്കാനാണു പിയാജിയൊയുടെ പദ്ധതി. ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണം പേറുന്ന ‘എസ് ആർ 150’ ആണ് ഏപ്രിലിയ ശ്രേണിയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. മോട്ടോ ഗൂചിയിലാവട്ടെ ‘റോമറും’ ‘ബോബറു’മാണ് ഇന്ത്യയിൽ പ്രവേശിക്കുക. അത്യാഡംബര വിഭാഗം ലക്ഷ്യമിട്ട് ജോർജിയൊ അർമാനി കലക്ഷനിലെ ‘വെസ്പ 946’, ‘വെസ്പ 300 ജി ടി എസ്’ സ്കൂട്ടർ എന്നിവയാണു വെസ്പയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത്. കൂടാതെ പിയാജിയൊ ശ്രേണിയിൽ ‘മെഡ്ലി 150’, ‘ലിബർട്ടി 125’ എന്നിവയും ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും.

പിയാജിയൊ ബ്രാൻഡുകളിൽ നിന്നുള്ള സ്കൂട്ടറുകളെക്കുറിച്ചും ബൈക്കുകളെക്കുറിച്ചും മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കാനായി കമ്പനി രാജ്യത്തെ രണ്ടാമത്തെ മോട്ടോപ്ലക്സ് ഹൈദരബാദിൽ തുറന്നു. 2015 നവംബറിൽ പുണെയിൽ ഇന്ത്യയിലെ ആദ്യ മോട്ടോപ്ലക്സ് ആരംഭിച്ച കമ്പനി ദക്ഷിണേന്ത്യയിലെ ആദ്യ ഷോറൂമാണ് ഹൈദരബാദിൽ തുറന്നത്. വിവിധ ബ്രാൻഡുകളുടെ ദീർഘകാല ചരിത്രമാണ് പിയാജിയൊ ഗ്രൂപ്പിന്റെ പുതുമയാർന്ന കാഴ്ചപ്പാട് പ്രതിഫലിക്കുന്ന മോട്ടോപ്ലക്സിൽ അനാവരണം ചെയ്യപ്പെടുന്നതെന്ന് പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. ‘മെയ്ഡ് ഇൻ ഇറ്റലി’ എന്ന അഭിമാനം പേറുന്ന വെസ്പ, ഏപ്രിലിയ, മോട്ടോഗുചി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന യാത്രയുടെ നേർക്കാഴ്ചയും മോട്ടോപ്ലക്സിലുണ്ട്.

മോട്ടോഗുചി ശ്രേണിക്കു പുറമെ അത്യാംഡബര വിഭാഗത്തിൽപെടുന്ന ജോർജിയൊ അർമാനി കലക്ഷനാണ് മോട്ടോപ്ലക്സിലെ പുതുമയെന്നും പെല്ലി അവകാശപ്പെട്ടു. പിയാജിയൊ ഗ്രൂപ്പ് ബ്രാൻഡുകളെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന മോട്ടോപ്ലക്സ് മൾട്ടി ബ്രാൻഡ് സ്റ്റോറുകൾ മിലാൻ, ന്യൂയോർക്ക് സിറ്റി, ഷാങ്ഹായി, ബെയ്ജിങ് നഗരങ്ങളിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.  

Your Rating: