ദേ, വരുന്നു രാഹി എന്ന ഇലക്ട്രിക് ഓട്ടോ

ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ ചെലവ് സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ കൊണ്ടുനടക്കുന്നവരുടെ നടുവൊടിക്കും. കുറ‍ഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദമായ വാഹനം വേണമെന്ന് ആഗ്രഹിക്കുന്നവർക്കായാണ് ഹീറോ ഇലക്ട്രിക് വെഹിക്കിൾ കമ്പനി ‘രാഹി’ എന്ന പേരിൽ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലിറക്കിയത്. നാലുപേർക്കിരിക്കാവുന്ന വിശാലമായ സീറ്റ്. ഭംഗിയുള്ള ഹെഡ് ലൈറ്റ്. ടെലിസ്കോപ്പിക് സസ്പെൻഷനും ഡ്രം ബ്രേക്കും ഗിയർലെസും രാഹിയുടെ സവിശേഷതയാണ്.

Read More: സിന്ധുവിന് സമ്മാനമായി ബിഎംഡബ്ല്യു

മലിനീകരണം ഉണ്ടാക്കാത്ത വാഹനം. ഇലക്ട്രിക് ആണെങ്കിലും റജിസ്ട്രേഷനും ലൈസൻസും വേണ്ട വാഹനമാണിത്.നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനാൽ ഇലക്ട്രിക് ഓട്ടോയാണെന്ന് പുറമെ നിന്നു നോക്കിയാൽ തോന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ക്ഷമതയിലാണ് പലർക്കും സംശയം. ഉപയോഗരീതി അനുസരിച്ച് മൂന്നു മുതൽ അഞ്ചു വർഷം വരെ ക്ഷമത ബാറ്ററിക്കു ലഭിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. പിന്നീട് ബാറ്ററി മാറ്റാൻ ഏകദേശം 32000 രൂപ ചെലവു വരും. പരമാവധി 1000 വാട്ട് പവർ നൽകുന്ന മോട്ടോർ ഉള്ളതിനാൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗം ആർജിക്കാം. ബാറ്ററി മുഴുവനായി ചാർജാകുന്നതിനു മൂന്നു യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമുള്ളത്.

Read More: സുൽത്താന്റെ സ്വർണ്ണ വിമാനം 

ഇതിന് എട്ടു മുതൽ 10 മണിക്കൂർ വരെ സമയമെടുക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ സാധാരണസാഹചര്യങ്ങളിൽ 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നു നിർമാതാക്കൾ പറയുന്നു.വീൽബേസ് 2150 എംഎം , ഗ്രൗണ്ട് ക്ലിയറൻസ് 200 എംഎം. പരമാവധി 450 കിലോ വഹിക്കാനാകും. സാധാരണ ഓട്ടോറിക്ഷയേക്കാൾ കുറഞ്ഞ വിലയാണ് ഇലക്ട്രിക് ഓട്ടോയ്ക്ക്.1,44,890 രൂപയാണ് അങ്കമാലി ഹീറോ ഷോറൂമിലെ എക്സ് ഷോറൂം പ്രൈസ്.