Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിറ്റ്സുബിഷി ചെയർമാൻ സ്ഥാനത്തേക്കു ഘോസ്ൻ

Carlos Ghosn Carlos Ghosn

ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോർ കോർപറേഷന്റെ ചെയർമാനായി കാർലോസ് ഘോസ്നെ നാമനിർദേശം ചെയ്യാൻ നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ഒരുങ്ങുന്നു. ജാപ്പനീസ് വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനക്കാരായ നിസ്സാൻ, എതിരാളികളായ മിറ്റ്സുബിഷിയിൽ 34% ഓഹരി പങ്കാളിത്തം നേടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇന്ധനക്ഷമത സംബന്ധിച്ച് വാഹന ഉടമകളെ തെറ്റിദ്ധരിപ്പിച്ചു വിവാദത്തിലകപ്പെട്ട മിറ്റ്സുബിഷിയുടെ ചെയർമാനെ നിർണയിക്കുന്നതിൽ നിസ്സാനു നിർണായക സ്വാധീനം കൈവരും. ഡിസംബറിൽ ചേരുന്ന മിറ്റ്സുബിഷി ഓഹരി ഉടമകളുടെ യോഗമാണു പുതിയ ചെയർമാനനെ തിരഞ്ഞെടുക്കുക.

നിസ്സാന്റെ ഫ്രഞ്ച് പങ്കാളിയായ റെനോ എസ് എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൂടിയാണു ഘോസ്ൻ. മിറ്റ്സുബിഷിയുടെ ചെയർമാനും പ്രസിഡന്റുമായ ഒസാമു മസാകുവിനോട് പ്രസിഡന്റ് പദവിയിൽത ടരാൻ ഘോസ്ൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കമ്പനിയെ നയിക്കാൻ ഘോസ്ൻ എത്തുമെന്ന വാർത്തകൾ പരന്നതോടെ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ ഓഹരി വിലയിൽ 10 ശതമാനത്തോളം വർധന രേഖപ്പെടുത്തി. എന്നാൽ ഘോസ്ന്റെ നിയമനത്തെപ്പറ്റി പ്രതികരിക്കാൻ നിസ്സാനോ മിറ്റ്സുബിഷിയോ സന്നദ്ധമായിട്ടില്ല.

ഓഹരി വിലയായി 230 കോടി ഡോളർ(15,351.91 കോടിയോളം രൂപ) മുടക്കി മിറ്റ്സുബിഷി മോട്ടോഴ്സിൽ 34% പങ്കാളിത്തം നേടി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മേയിലാണു നിസ്സാൻ പ്രഖ്യാപിച്ചത്. നിസ്സാനു വേണ്ടി നിർമിച്ചു നൽകുന്ന രണ്ടെണ്ണമടക്കം നാലു ചെറു വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ കൃത്രിമം കാട്ടിയെന്നു മിറ്റ്സുബിഷി കുറ്റസമ്മതം നടത്തിയ പിന്നാലെയായിരുന്നു ഈ നടപടി. വിവാദത്തെത്തുടർന്നു മിറ്റ്സുബിഷി മോട്ടോഴ്സിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു.ഓഗസ്റ്റോടെ എസ് യു വികളായ ‘പജീറൊ’യും ‘ഔട്ട്ലാൻഡറു’മടക്കം എട്ടു മോഡലുകളുടെ കൂടി ഇന്ധനക്ഷമത കണക്കുകളിൽ കൃത്രിമം കാട്ടിയതായി മിറ്റ്സുബിഷി സ്ഥീരീകരിച്ചു. ആശയവിനിമയത്തിലെ തകരാറും ഭരണതലത്തിലെ അപാകതകളും കമ്പനിക്കുള്ളിൽ നിന്നുള്ള സമ്മർദവുമൊക്കെയാണ് ഈ വീഴ്ചയ്ക്കു കാരണമായി മിറ്റ്സുബിഷി നിരത്തിയത്.